രാഷ്ട്രം ഇല്ലാതാക്കാന്‍ കേന്ദ്രം 
ശ്രമിക്കുന്നു: സുനില്‍ പി ഇളയിടം


പി ബിജു ന​ഗർ (പത്തനംതിട്ട)
ഇന്ത്യയെന്ന രാഷ്ട്രത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് വർ​ഗീയ ശക്തികളുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. അത്യന്തം ആപൽക്കരമാണിതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഇന്ത്യ രാജ്യമായി നിലനിൽക്കണോ വേണ്ടയോ എന്ന അടിസ്ഥാനപരമായ ചോദ്യമാണ് ഉയരുന്നത്. ഭൂരിപക്ഷത്തിന്റെ മതമാണ് ദേശീയത എന്ന അവബോധം സൃഷ്ടിച്ച് സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. ഇതിനെ ചെറുത്തുതോൽപ്പിച്ചേ മതിയാകു. ജനാധിപത്യവും ഫെഡറലിസവും ഒരുപോലെ ഭീഷണി നേരിടുന്നു. പാർലമെന്ററി ജനാധിപത്യം എന്ന് അവകാശപ്പെടാമെങ്കിലും നിയമനിർമാണങ്ങളെല്ലാം ഏകപക്ഷീയമാണ്. കയ്യൂക്കിന്റെ പിൻബലത്തിൽ അധികാര കേന്ദ്രീകൃത ഭരണസംവിധാനത്തിലേക്കാണ് പോകുന്നത്.

ഓരോ വിഷയം ഉയർത്തിപ്പിടിച്ച് സമൂഹത്തെ എങ്ങനെ വിഭജിക്കാം എന്നാണ് കേന്ദ്ര ഭരണാധികാരികൾ ശ്രമിക്കുന്നത്. വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും ഭാഷയുടെയും പേരിലും ഈ ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. രാജ്യത്താകെ മതാന്ധത പടർത്താനാണ് ശ്രമം. ഇതുവഴി ബഹുസ്വരത ഇല്ലാതാകും. മതേതരത്വം ഇല്ലെങ്കിൽ ഇന്ത്യയുമില്ല. ചരിത്രത്തെ വക്രീകരിച്ചും പുതിയ ചരിത്രം രചിച്ചും ജനാധിപത്യം തന്നെ ഇല്ലാതാക്കാനാണ് ശ്രമം. ഇതിനെതിരെ ഉയർന്നുവരുന്ന പൊളിറ്റിക്കൽ ഇസ്ലാമിസം മറ്റൊരു ആപത്താണ്. അത്തരത്തിലുള്ള തീവ്രവാദംകൊണ്ട് ഈ ദുഷ്ടശക്തികളെ നേരിടാനാവില്ല. ജനാധിപത്യപരമായ രീതിയിൽ ശക്തമായ ചെറുത്തുനിൽപ്പിന് ഈ നാട് ഉണരേണ്ടതുണ്ട്. ബഹുമുഖ സമരം ആവശ്യമാണ്.

ഡിവൈഎഫ്ഐക്ക് ഇതിൽ സുപ്രധാന പങ്ക് വഹിക്കാനുണ്ട്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ ജീവൽപ്രശ്നം പരിഹരിക്കാനും മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐ ഈ വിപത്തിനെതിരെ കൂടുതൽ കരുത്തോടെ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/W3wUoeD

Comments

Archive

Contact Form

Send