പാർടി കോൺഗ്രസ് ഇന്ന് തുടങ്ങും

കണ്ണൂർ

രക്തസാക്ഷിസ്മരണകൾ തുന്നിയ ചെമ്പതാക ചുവന്ന സന്ധ്യയുടെ നഗരക്കാറ്റിൽ വിരിഞ്ഞുപറന്നു. താഴെ ഇടിനാദംപോലെ തിളച്ച മുദ്രാവാക്യങ്ങൾ അലയായി പടർന്നു. ഒപ്പം മനുഷ്യസാഗരത്തിന്റെ മഹാരവം. ഇതിഹാസപോരാട്ടത്താൽ ചുവന്ന കണ്ണൂരിന്റെ മണ്ണിൽ സിപിഐ എം 23–-ാം പാർടി കോൺഗ്രസിന് ബുധനാഴ്ച തുടക്കമാകും. ഇനി അഞ്ചുനാൾ കണ്ണൂരാകും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം.

പൊതുസമ്മേളനവേദിയായ ജവഹർ സ്റ്റേഡിയത്തിലെ എ കെ ജി നഗറിൽ സംഘാടകസമിതി ചെയർമാനും പൊളിറ്റ്ബ്യൂറോ അംഗവുമായ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വ വൈകിട്ട് ഏഴിന് പതാക ഉയർത്തി. സംഘാടകസമിതി ജനറൽ കൺവീനറായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം പതിനായിരങ്ങൾ പതാക ഉയർത്തലിൽ പങ്കെടുത്തു. പൊതുസമ്മേളന നഗരിയിൽ കൊടിമരം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയും പതാക കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനും ഏറ്റുവാങ്ങി.

കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ നേതൃത്വത്തിൽ കയ്യൂരിൽനിന്ന് പുറപ്പെട്ട കൊടിമരജാഥയും വയലാറിൽനിന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് നയിച്ച പതാകജാഥയും കണ്ണൂർ കാൾടെക്സ് ജങ്ഷനിൽ സംഗമിച്ചു.
സംഘാടകസമിതി ട്രഷറർ എം വി ജയരാജന്റെ നേതൃത്വത്തിൽ വരവേറ്റു. ജനസഹസ്രങ്ങൾ ചെങ്കടലാക്കിയ വീഥിയിലൂടെ ജാഥ പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങി. അശ്വാരൂഢസേനയുടെ അകമ്പടിയിൽ, ചെങ്കൊടിയേന്തിയ വനിതകൾ, ചുവപ്പുസേനാ ബാൻഡ് സംഘം, വിപ്ലവ ഗായകസംഘം, അത്ലീറ്റുകൾ, ബൈക്ക് റാലി എന്നിവ അണിനിരന്നു.

കണ്ണൂർ ബർണശേരി ഇ കെ നായനാർ അക്കാദമിയിലെ നായനാർ നഗറിൽ ബുധൻ രാവിലെ ഒമ്പതിന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പതാക ഉയർത്തും. 10ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും. വൈകിട്ട് നാലിന് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കും. വ്യാഴം രാവിലെ ഒമ്പതിന് പൊതുചർച്ച തുടങ്ങും.

വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പേരാണ് പങ്കെടുക്കുന്നത്.
ചൊവ്വാഴ്ച പൊളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേർന്ന് പാർടി കോൺഗ്രസിലെ നടപടിക്രമങ്ങൾ അംഗീകരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/sU2JLZX

Comments

Archive

Contact Form

Send