ജഹാംഗിർപുരി സംഘർഷം ആസൂത്രിതം ; ആക്രമണത്തിന് പിന്നിൽ പുറത്തുനിന്നെത്തിയവരെന്ന് പ്രദേശവാസികൾ
ന്യൂഡൽഹി
വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിൽ ഹനുമൻ ജയന്തി ആഘോഷത്തിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം ആസൂത്രിതമെന്ന് സൂചന. ഡൽഹിയിൽ 2020ന് സമാനമായ മറ്റൊരു വർഗീയ കലാപത്തിനുള്ള ശ്രമമാണ് ശനിയാഴ്ച വൈകിട്ടുണ്ടായത്. ന്യൂനപക്ഷം തിങ്ങിപ്പാർക്കുന്ന ഇവിടെ മുമ്പ് വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ല. പുറത്തുനിന്നെത്തിയവർ ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദേശവാസികളും ഇത് സ്ഥിരീകരിക്കുന്നു. ഹിന്ദു–-മുസ്ലിം സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യം തകർക്കാനുള്ള ശ്രമമാണിതെന്നും ഇരുവിഭാഗവും പറയുന്നു.
തുടർ സംഘർഷങ്ങളൊഴിവാക്കാൻ ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട യുവാക്കൾ മുസ്ലിംപള്ളിക്ക് സമീപമുള്ള കാളീക്ഷേത്രത്തിനും കാവൽ നിൽക്കുകയാണ്. ഭാരതത്തിൽ ജീവിക്കണമെങ്കിൽ ജയ് ശ്രീറാം വിളിക്കണമെന്ന മുദ്രാവാക്യവും ഘോഷയാത്രയിലുടനീളം മുഴങ്ങിക്കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ, സംഘർഷത്തിനുപിന്നിൽ ബംഗ്ലാദേശിൽനിന്ന് കുടിയേറിയവരാണെന്നും ഇവരുടെ വീടുകൾ യുപി, മധ്യപ്രദേശ് എന്നിവിടങ്ങളിലെപോലെ ഇടിച്ചു നിരത്തണമെന്നും ബിജെപി നേതാവ് കപിൽ മിശ്ര ആവശ്യപ്പെട്ടു. കപിൽ മിശ്രയുടെ വിദ്വേഷപ്രസംഗത്തിനു പിന്നാലെയാണ് 2020ൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. മുനിസിപ്പൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വർഗീയ സംഘർഷമുണ്ടായതെന്നും സംശയാസ്പദമാണ്.
ഇരുപതുപേർ അറസ്റ്റിൽ
സംഘർഷത്തിൽ 20 പേരെ അറസ്റ്റുചെയ്തു. ന്യൂനപക്ഷ വിഭാഗാംഗങ്ങളാണ് ഭൂരിഭാഗവും അറസ്റ്റിലായത്. ഘോഷയാത്രയിൽ പങ്കെടുത്തവരുമായി മുഹമ്മദ് അസ്ലം (22) എന്നയാൾ തുടങ്ങിയ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് എഫ്ഐആർ. എന്നാൽ, ജനന സർട്ടിഫിക്കറ്റ് പ്രകാരം 16 വയസുമാത്രമാണ് അസ്ലമിനുള്ളതെന്നും മറ്റൊരാൾകൂടി പ്രായപൗർത്തിയാകാത്തയാളാണെന്നും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഏഴ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് തോക്ക് പിടിച്ചെടുത്തു. ജഹാംഗിർപുരിയിലെ ബ്ലോക്ക് ബി, സി മേഖലയിലാണ് ശനിയാഴ്ച വൈകിട്ട് സംഘർഷമുണ്ടായത്.
സമാധാനപരമായിരുന്ന ഘോഷയാത്ര വൈകിട്ട് ഇഫ്താർ സമയം ആയപ്പോഴാണ് അക്രമാസക്തമായതെന്ന് സിപിഐ എം നേതാക്കളടങ്ങുന്ന വസ്തുതാന്വേഷണ സംഘം പറഞ്ഞു. ഇവിടുത്തെ മുസ്ലിംപള്ളിക്കു മുന്നിൽനിന്ന് നീങ്ങാൻ തയാറാകാതെ കാവിക്കൊടി വീശുകയും പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുകയും ചെയ്ത സംഘം സംഘർഷമുണ്ടാക്കുകയായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി. കല്ലേറിലും മറ്റും എട്ടുപൊലീസുകാർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. എസ്ഐ മേധാലാൽ മീണയ്ക്ക് വെടിയേറ്റാണ് പരിക്ക്. ദ്രുതകർമ സേനയെ നിയോഗിച്ചതിനുപുറമേ പൊലീസ് പ്രദേശത്ത് ഡ്രോൺ നിരീക്ഷണവും നടത്തുന്നു.
Credits National || Deshabhimani Online News https://ift.tt/xIhuCD1
Comments