സിൽവർ ലൈൻ കല്ലിടൽ : വരത്തന്മാർ തടയാനെത്തി; നാട്ടുകാർ ഓടിച്ചു


കണ്ണൂർ
സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിനായുള്ള കല്ലിടൽ തടയാനെത്തിയവർക്കെതിരെ സ്ഥലമുടമകളുടെയും നാട്ടുകാരുടെയും പ്രതിഷേധം. തുടർന്ന് നാട്ടുകാരുടെയും സ്ഥലമുടമകളുടെയും പിന്തുണയോടെ അധികൃതർ 24 ഇടത്ത് കല്ലിട്ടു
നടാൽ ഒകെ യുപി സ്കൂളിനടുത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് നാടകീയ രംഗങ്ങളുണ്ടായത്. മറ്റിടങ്ങളിൽ നിന്നെത്തിയ കോൺഗ്രസ് ലീഗ് പ്രവർത്തകർ കല്ലിടൽ തടയാൻ ശ്രമിച്ചു. എന്നാൽ, നഷ്ടപരിഹാരം കിട്ടിയാൽ സ്ഥലം നൽകുമെന്നും നാട്ടുകാർ വ്യക്തമാക്കി.

അതിനിടെ സമരക്കാരിൽ ചിലർ അസഭ്യം പറയാൻ തുടങ്ങിയത് നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം അധികൃതരെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് നീക്കിയശേഷം കല്ലിട്ടു. വൈകിട്ടോടെ മറ്റിടങ്ങളിൽനിന്നുള്ളവർ വീണ്ടുമെത്തി കല്ലുകൾ പിഴുതു. ഏതാനും ദൃശ്യമാധ്യമപ്രവർത്തകർക്കൊപ്പമാണ് ഇവർ എത്തിയത്.

ചാലയിൽ വ്യാഴാഴ്ച രാവിലെ സ്ഥാപിച്ച കല്ല് വൈകീട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാന്നിധ്യത്തിൽ നശിപ്പിച്ചിരുന്നു. എട്ടു വില്ലേജുകളിലായി 23 കിലോമീറ്ററിലാണ് സാമൂഹ്യഘാത പഠനത്തിനായി കണ്ണൂർ ജില്ലയിൽ ബാക്കിയുള്ളത്.

എതിർക്കുന്നവരുമായും ചർച്ച
സിൽവർ ലൈൻ പദ്ധതി തകർക്കാൻ ഗൂഢശ്രമം നടക്കുന്ന സാഹചര്യത്തിൽ കെ–-റെയിൽ സംഘടിപ്പിക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത് വിദഗ്ധർ. 28ന് പകൽ 11ന് തിരുവനന്തപുരത്തെ ഹോട്ടൽ താജ് വിവാന്തയിലാണ് ചർച്ച. പദ്ധതിക്കെതിരെ യുഡിഎഫ്–-ബിജെപി സംഘത്തോടൊപ്പം ചേർന്ന് വ്യാപക പ്രചാരണം നടത്തുന്ന സിസ്ട്ര മുൻ ഉദ്യോഗസ്ഥൻ അലോക് വർമ, ഡോ. ആർ വി ജി മേനോൻ, പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ, റിട്ട. റെയിൽവേ ബോർഡ് (എൻജിനിയറിങ്) അംഗം സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. കുഞ്ചെറിയ പി ഐസക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻസട്രി പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ എന്നിവരും പങ്കെടുക്കും. പ്രൊഫ. മോഹൻ എ മേനോൻ (നാഷണൽ അക്കാദമി ഓഫ് ഇന്ത്യൻ റെയിൽവേ) മോഡറേറ്ററാകും. എതിർ പ്രചാരണം നടത്തുന്നവരെക്കൂടി പങ്കെടുപ്പിക്കുന്ന ചർച്ചയിൽ വിദഗ്ധർ കുപ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടും. പദ്ധതിയുടെ അനന്ത സാധ്യതയും വിവരിക്കും.





Credits Kerala || Deshabhimani ​Online ​News https://ift.tt/IXjU0kM

Comments

Archive

Contact Form

Send