ലക്ഷ്യംവച്ചത്‌ പള്ളി; പാളിയത് ബിജെപിയുടെ ഗൂഢനീക്കം

ന്യൂഡൽഹി> വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിൽ ബിജെപിയുടെ തച്ചുതകർക്കൽ നടപടിക്കിടെ ഇടിച്ചുനിരത്താൻ ലക്ഷ്യവച്ചത് ഇവിടെയുള്ള മുസ്ലിംപള്ളിയും. പള്ളിയുടെ ഗേറ്റും മതിലും തകർത്തുമുന്നേറുന്നതിനിടെയാണ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എത്തി ബുൾഡോസറുകൾ തടഞ്ഞത്.

പൊളിക്കൽ തടഞ്ഞ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ രണ്ടുമണിക്കൂർ നടപടി തുടർന്നത് ഈ ഗൂഢലക്ഷ്യം വ്യക്തമാക്കുന്നു. 10.45നാണ് സ്റ്റേ ഉത്തരവ് കോടതി നൽകിയത്. വൈകാതെ ഉത്തരവ് സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്നും അഭിഭാഷകർ അഭ്യർഥിച്ചു. ഉടൻ, ചീഫ് ജസ്റ്റിസ് എൻ വി രമണ അടിയന്തരനിർദേശം നൽകി. എന്നാൽ, ഉത്തരവിന്റെ പകർപ്പ് ലഭിച്ചില്ലെന്ന സാങ്കേതികത്വം പറഞ്ഞ് പൊളിക്കൽ തുടരുകയാണെന്ന് ബൃന്ദ കാരാട്ടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥും അഭിഭാഷകൻ സുഭാഷ് ചന്ദ്രനും ചീഫ് ജസ്റ്റിനെ അറിയിച്ചു.

‘ദയവായി സന്ദേശം കൈമാറാൻ സെക്രട്ടറി ജനറലിനോട് പറയൂ, മാധ്യമങ്ങളിൽ വലിയ വാർത്ത വന്നുകൊണ്ടിരിക്കുന്നു, നടക്കുന്നത് ശരിയല്ല, നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമാണ്’–- ജമാഅത്ത് ഉലമ ഡൽഹി ഘടകത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. ജമാഅത്ത് ഉലമ അൽ ഹിന്ദിനുവേണ്ടി ഹാജരായ കപിൽ സിബലും ആശങ്ക അറിയിച്ചു.

അതേസമയം, അപ്ലോഡ് ചെയ്ത ഉത്തരവിന്റെ പകർപ്പുമായി ജഹാംഗിർപുർ ലക്ഷ്യമാക്കി ബൃന്ദ കാരാട്ട് വാഹനത്തിൽ പാഞ്ഞെത്തി. പകർപ്പ് ഔദ്യോഗിക രേഖയായി പരിഗണിക്കാമെന്നും അധികൃതർ നിരാകരിച്ചാൽ കോടതിയലക്ഷ്യമാകുമെന്നും ബൃന്ദയ്ക്ക് നിയമോപദേശവും ലഭിച്ചു. അപ്പോഴേക്കും ബുൾഡോസറുകൾ മുസ്ലിംപള്ളിയുടെ ഗേറ്റും അനുബന്ധമായി സ്ഥാപിച്ച ചെറുഭിത്തിയും തകർത്തുകഴിഞ്ഞിരുന്നു. പഴക്കമുള്ള പള്ളിക്കെട്ടിടത്തിന്റെ ഘടനയ്ക്ക് യന്ത്രക്കൈ കൊണ്ടുള്ള അടിയേറ്റ് കാര്യമായ തകരാറുണ്ടായെന്ന് പള്ളി അധികൃതർ പറഞ്ഞു. ഉത്തരവ് എത്താൻ ഇനിയും വൈകിയിരുന്നെങ്കിൽ പള്ളി പൊളിക്കുകയെന്ന അജൻഡ ബിജെപി ഭരണത്തിലുള്ള കോർപറേഷൻ നടപ്പാക്കുമായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/JEp53FT

Comments

Archive

Contact Form

Send