സർക്കാരില്ലാത്ത കശ്‌മീരിൽ പഞ്ചായത്ത് ദിനം ആഘോഷിച്ച് മോദി
ശ്രീനഗർ > പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചായത്ത് രാജ് ദിനാഘോഷത്തിന് തെരഞ്ഞെടുത്തത് ഉദ്യോഗസ്ഥ ഭരണം നിലനിൽക്കുന്ന ജമ്മു കശ്മീരിനെ. പ്രത്യേക പദവി റദ്ദാക്കി വിഭജിച്ചശേഷം ആദ്യമായി ജമ്മു കശ്മീര് സന്ദർശിച്ച മോദി 20,000 കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു.
സാമ്പ ജില്ലയിലെ പാലിയിൽനിന്ന് രാജ്യത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും അഭിസംബോധന ചെയ്ത് മോദി സംസാരിച്ചു. പഞ്ചായത്ത് രാജ് ദിനം കശ്മീരിൽ ആഘോഷിക്കുന്നത് വലിയ മാറ്റം അടയാളപ്പെടുത്തുന്നെന്നും ഇവിടെനിന്ന് സംവദിക്കുന്നതിൽ അഭിമാനിക്കുന്നെന്നും മോദി പറഞ്ഞു.
എന്നാൽ, 2019 ഒക്ടോബറിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നെങ്കിലും ജനപ്രതിനിധികൾക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും പൊലീസിന്റെയും സുരക്ഷാസേനയുടെയും നിയന്ത്രണത്തിലാണ് കാര്യങ്ങളെന്നുമാണ് റിപ്പോര്ട്ട്. കഴിഞ്ഞ വർഷം ബാരാമുള്ളയിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം അഷാക് ഹുസൈൻ ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വാർത്തയായി. തെരഞ്ഞെടുപ്പ് ജയിച്ചതുമുതൽ തടവിലായിരുന്നു ഇദ്ദേഹം.
പുതിയ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി യുഎഇ കേന്ദ്രമായ കമ്പനി അധികൃതരും മോദിയുടെ സംഘത്തിൽ കശ്മീരിൽ എത്തി. ഡൽഹി–-- അമൃത്സർ-–- കത്ര എക്സ്പ്രസ് വേ, 8.45 കിലോമീറ്റർ ബനിഹാൽ-–- ഖാസിഗുണ്ട് റോഡ് ടണൽ തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്. ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്തായി മാറുന്നതിന്റെ ഭാഗമായി പാലി പഞ്ചായത്തിൽ 500 കിലോവാട്ട് സൗരോർജ പ്ലാന്റും ആരംഭിച്ചു.
എല്ലാം തെരഞ്ഞെടുപ്പ് മുന്നില്ക്കണ്ട്
നിയമസഭ പിരിച്ചുവിട്ടതിൽ പിന്നെ കശ്മീരിൽ ഒരു രാഷ്ട്രീയ പ്രക്രിയയും നടക്കുന്നില്ല. വൈകാതെ തെരഞ്ഞെടുപ്പിലേക്കു പോകാൻ പദ്ധതി ഇടുന്നതിന്റെ ഭാഗമായി ബിജെപിക്ക് അനുകൂലമായി നടത്തിയ മണ്ഡല പുനർനിർണയത്തിന്റെ കരട് പുറത്തുവന്നിട്ടുണ്ട്.
2026 വരെ പുനർനിർണയം പാടില്ലെന്ന സുപ്രീംകോടതിയുടെയും മുൻ നിയമസഭയുടെയും നിലപാടുകൾക്ക് വിരുദ്ധമാണ് ഇത്. വൈകാതെ പ്രഖ്യാപിച്ചേക്കാവുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള തട്ടിപ്പുപ്രകടനം മാത്രമായാണ് മോദിയുടെ സന്ദർശനത്തെ പ്രതിപക്ഷം വിലയിരുത്തുന്നത്.
Credits National || Deshabhimani Online News https://ift.tt/BoU5MFH
Comments