സമാധാനം ഉറപ്പാക്കും ; സർക്കാർ നടപടിക്ക് സർവകക്ഷിയോഗത്തിന്റെ പിന്തുണ
പാലക്കാട്
രണ്ട് കൊലപാതകം നടന്ന പാലക്കാട് ജില്ലയിൽ സമാധാനം ഉറപ്പാക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു. ഇതിനുള്ള സർക്കാർ നടപടിക്ക് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു. പാലക്കാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർടികൾ പങ്കെടുത്തു. ബിജെപി പ്രതിനിധികളെത്തിയെങ്കിലും യോഗം ബഹിഷ്കരിച്ചു.
എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകം ദൗർഭാഗ്യകരമാണെന്ന് യോഗം വിലയിരുത്തി. അനിഷ്ട സംഭവം മുതലെടുത്ത് സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ സാമൂഹ്യവിരുദ്ധർ ശ്രമിക്കുകയാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. അക്രമം ആവർത്തിക്കാതിരിക്കാൻ സഹകരിക്കുമെന്ന് രാഷ്ട്രീയപാർടികൾ ഉറപ്പുനൽകിയതായി കെ കൃഷ്ണൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബഹിഷ്കരിക്കാൻ മുൻകൂട്ടി തീരുമാനിച്ചാണ് ബിജെപി പ്രതിനിധികൾ വന്നത്. ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. യോഗം ബഹിഷ്കരിക്കാൻ ബിജെപി ഉന്നയിക്കുന്ന കാരണങ്ങൾ അടിസ്ഥാനരഹിതമാണ്. അവരെയും അനുനയിപ്പിക്കാൻ ശ്രമിക്കും. പൊലീസിന് വീഴ്ച പറ്റിയിട്ടില്ല.
സർക്കാർ ശക്തമായ നടപടിയെടുക്കുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ള കൊലപാതകങ്ങളാണ് നടന്നത്. സൈനികതാവളങ്ങളിൽ പോലും ആക്രമണം നടക്കുന്നുണ്ട്. എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോകുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. കൃത്യം നടത്തിയവരെയും ആസൂത്രണംചെയ്തവരെയും പ്രതികൾക്ക് സംരക്ഷണം നൽകിയവരേയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു യോഗത്തിൽ ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ട്രഷറർ ഇ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് എന്നിവരാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ്, എംപിമാരായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, എംഎൽഎമാരായ പി മമ്മിക്കുട്ടി, കെ ബാബു, കെ പ്രേംകുമാർ, പി പി സുമോദ്, കെ ശാന്തകുമാരി, ഷാഫി പറമ്പിൽ, കലക്ടർ മൃൺമയി ജോഷി, എഡിഎം കെ മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, മറ്റ് രാഷ്ട്രീയപാർടി പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/2hsNW3o
Comments