പറമ്പിൽ മാലിന്യമുണ്ടോ; പഞ്ചായത്ത്‌ ഫൈനിടും ; നിയമാവലിയായി


തിരുവനന്തപുരം
ചപ്പുചവർ കൂട്ടിയിട്ടിരിക്കുന്ന പറമ്പിന്റെ ഉടമയാണോ നിങ്ങൾ. എന്നാലൊന്നറിഞ്ഞോ... ഇനി നല്ല പിഴയും പണിയും കിട്ടും. മറ്റുള്ളവർ ഇടുന്ന മാലിന്യമാണെങ്കിലും അത് നീക്കാനുള്ള തുക സ്ഥലഉടമ നൽകേണ്ടിവരും. തദ്ദേശ സ്ഥാപനത്തിലെ അധികൃതർ നേരിട്ടെത്തിയാകും പിഴ ചുമത്തുക. ശുചിത്വകേരളത്തിനായുള്ള മാലിന്യ സംസ്കരണ നിയമാവലിയിലാണ് പുതിയ നിർദേശം. 2016ൽ കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിന് 2018ൽ തന്നെ സംസ്ഥാനം നയം രൂപീകരിച്ചിരുന്നു. തുടർന്നാണ് ഏകീകൃത നിയമാവലി തയ്യാറാക്കിയത്.

പൊതുസ്ഥലം, തെരുവ്, നിരത്ത്, ജല സ്രോതസ്സ് എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയരുത്. അനുവദിച്ചിട്ടുള്ള ഇടങ്ങളിലേക്കല്ലാതെ അഴുക്കുചാലിലെ വെള്ളം ഒഴിക്കിവിട്ടാലും പിടിവീഴും. പൊതുഇടം പരിപാലിക്കാൻ വിവിധ സംഘടനകളെ ചുമതലപ്പെടുത്താം. നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പാദനം, സംഭരണം, വിതരണം, വിൽപ്പന, വലിച്ചെറിയൽ എന്നിവ തടയാനും തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകി. സർക്കാർ സ്ഥാപനങ്ങളുടെ പരിസരം പരിപാലിച്ചില്ലെങ്കിൽ അധികാരിക്കെതിരെ നടപടിയെടുക്കും. ഉപയോഗിക്കാത്ത കെട്ടിടം, പുരയിടം, വാടകക്കാരോ പാട്ടക്കാരോ കൈവശം വച്ചിരിക്കുന്ന വസ്തു എന്നിവിടങ്ങളിൽ മാലിന്യം നിറഞ്ഞാൽ ഉത്തരവാദി ഉടമസ്ഥരോ കൈവശക്കാരോ ആയിരിക്കും. ഈ മാലിന്യം പഞ്ചായത്തിന് നീക്കം ചെയ്യാം. ചെലവ് ഉടമയിൽനിന്ന് ഈടാക്കും. മാലിന്യ ശുചീകരണത്തിൽ ഏർപ്പെടുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താം. നിർമാണമോ അറ്റകുറ്റപണിയോ നടത്തുമ്പോൾ പരിസരവാസികൾക്ക് പൊടി ഏൽക്കാതിരിക്കാൻ ഓലയോ ടാർപോളിനോ ഉപയോഗിച്ച് മറയ്ക്കണമെന്നും നിയമാവലിയിൽ പറയുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/yfguqVI

Comments

Archive

Contact Form

Send