അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ; ചരിത്രവിധിയുമായി സുപ്രീംകോടതി
ന്യൂഡൽഹി
അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും 1972ലെ നിയമപ്രകാരമുള്ള ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്ന് സുപ്രീംകോടതി. അങ്കണവാടി വ്യവസായസ്ഥാപനത്തിന്റെ നിർവചനത്തിൽ വരില്ലെന്നും ജോലിചെയ്യുന്നവരെ ജീവനക്കാരായി പരിഗണിക്കാനാകില്ലെന്നുമുള്ള ഗുജറാത്ത് ഹൈക്കോടതിവിധി ഡിവിഷൻബെഞ്ച് റദ്ദാക്കി. വേതനം കാലോചിതമായി വർധിപ്പിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
ഗുജറാത്ത് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയന്റെ (സിഐടിയു) ദീർഘമായ നിയമപോരാട്ടമാണ് വിജയിച്ചത്. മൂന്നു മാസത്തിനകം ഗ്രാറ്റുവിറ്റി 10 ശതമാനം പലിശ സഹിതം നൽകണമെന്ന് ജസ്റ്റിസുമാരായ അജയ് റസ്തോഗി, അഭയ് കെ ഓഝ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.
അങ്കണവാടി വർക്കർമാർക്ക് 7800 രൂപയും ഹെൽപ്പർമാർക്ക് 3950 രൂപയുമാണ് ഗുജറാത്തിൽ ലഭിക്കുന്നതെന്നും കേന്ദ്രവും സംസ്ഥാന സർക്കാരും ഇവരുടെ ദുരവസ്ഥ പരിഹരിക്കേണ്ട സമയം അതിക്രമിച്ചെന്നും സുപ്രീംകോടതി പറഞ്ഞു. ഗ്രാറ്റുവിറ്റി നൽകാൻ 25 കോടിയിൽപ്പരം രൂപ വേണമെന്നും ഇത് അധികബാധ്യതയാകുമെന്നും കേന്ദ്രവും ഗുജറാത്ത് സർക്കാരും വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. യൂണിയനുവേണ്ടി മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥ്, കെ ആർ സുഭാഷ് ചന്ദ്രൻ എന്നിവരും വ്യക്തിഗത ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖും ഹാജരായി. പ്രായാധിക്യത്താലോ മറ്റു കാരണത്താലോ തൊഴിൽ ചെയ്യാനാകാത്തവർക്ക് സാമൂഹികസംരക്ഷണം ഉറപ്പാക്കുന്നതാണ് 1972ലെ ഗ്രാറ്റുവിറ്റി നിയമം. സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് അഖിലേന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് (സിഐടിയു) ആവശ്യപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/FZJa0Dt
Comments