വരുന്നു, കോസ്മോസ് മലബാറിക്കസും പെയിന്റ് അക്കാദമിയും ; നെതര്‍ലന്‍ഡ്സ് കേരള സംയുക്ത പദ്ധതികള്‍
തിരുവനന്തപുരം
പതിനെട്ടാം നൂറ്റാണ്ടിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്ന കോസ്മോസ് മലബാറിക്കസ് പദ്ധതിയും രണ്ടു പെയിന്റ് അക്കാദമിയും തുടങ്ങാൻ കേരളവും നെതർലൻഡ്സും ധാരണപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇന്ത്യയിലെ നെതർലൻഡ്സ് അംബാസഡർ മാർട്ടൻ വാൻ ഡെൻബെർഗിന്റെയും സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചും നെതർലൻഡ്സ് നാഷണൽ ആർക്കൈവ്സും ലെയ്ഡൻ സർവകലാശാലയും ചേര്‍ന്നാണ് കോസ്മോസ് മലബാറിക്കസ് പദ്ധതി നടപ്പാക്കുന്നത്. ആറു വർഷംകൊണ്ട് പൂർത്തിയാകും. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വിദ്യാർഥികൾക്ക് ലെയ്ഡൻ സർവകലാശാലയിൽ എംഎ ബിരുദ പഠനത്തിനും നെതർലൻഡ്സിലെ വിദ്യാർഥികൾക്ക് കെസിഎച്ച്ആറിൽ ഇന്റേൺഷിപ്പിനും അവസരമുണ്ടാകും.
അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), കൊല്ലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ, ക്രെഡായ് കേരള, നെതർലൻഡ്സിലെ പെയിന്റ് ആൻഡ് കെമിക്കൽ കമ്പനിയുടെ ഇന്ത്യൻ സബ്സിഡിയറിയായ അക്സോ നോബൽ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് പെയിന്റ് അക്കാദമിക്കുള്ള ധാരണപത്രം ഒപ്പുവച്ചത്. കൊല്ലം ഐഐഐസി ക്യാമ്പസില്‍ കെട്ടിട പെയിന്റിങ്ങിലും മലപ്പുറം തവനൂരിലെ അസാപ് സ്കിൽ പാർക്കില്‍ വാഹന പെയിന്റിങ്ങിലും 380 പേർക്ക് പരിശീലനം നൽകും.
ഉന്നത വിദ്യാഭ്യാസത്തിൽ മികച്ച നിലവാരത്തിലുള്ള പഠനവേദിയാകാനുള്ള ഒരുക്കത്തിലാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളവുമായി മികച്ച ബന്ധമാണ് നെതർലൻഡ്സിനുള്ളതെന്ന് അംബാസഡറും പറഞ്ഞു. കേരളത്തിനുവേണ്ടി കെസിഎച്ച്ആർ ഡയറക്ടർ പ്രൊഫ. ജി അരുണിമ, അസാപ് സിഎംഡി ഉഷ ടൈറ്റസ്, ക്രെഡായി കേരള പ്രതിനിധി എസ് എൻ രഘുചന്ദ്രൻനായർ, ഐഐഐസിലെ ഡോ. ബി സുനിൽകുമാർ എന്നിവർ ഒപ്പുവച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആർ ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, നെതർലൻഡ്സ് ഡെപ്യൂട്ടി കോൺസൽ ജനറൽ ഹെയിൻ ലഗ്വീൻ തുടങ്ങിയവര്‍ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/pfB7cSe
Comments