ഉന്നതവിദ്യാഭ്യാസം : നൈപുണ്യവികസനത്തിൽ സഹകരണ പ്രസ്ഥാനങ്ങൾക്കും പങ്ക്: മന്ത്രി ആർ ബിന്ദു
കൊച്ചി
ഉന്നതവിദ്യാഭ്യാസമേഖലയിലെ നൈപുണ്യവികസനത്തിൽ സഹകരണപ്രസ്ഥാനങ്ങൾക്ക് വലിയ സംഭാവന ചെയ്യാനാകുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ സംരംഭകത്വ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾ ആരംഭിക്കാൻ സഹകരണസ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. എറണാകുളം മറൈൻഡ്രൈവിൽ സഹകരണ എക്സ്പോയുടെ ഭാഗമായി ‘വിദ്യാഭ്യാസമേഖലയിൽ സഹകരണപ്രസ്ഥാനം കൈവരിച്ച നേട്ടങ്ങളും ഇടപെടൽ സാധ്യതകളും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലോകത്തിനുതന്നെ മാതൃകയായ നിരവധി പ്രസ്ഥാനങ്ങൾ സഹകരണമേഖല ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഊരാളുങ്കൽ സൊസൈറ്റി, റബ്കോ തുടങ്ങിയ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. പ്രാഥമികവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും ഇത്തരത്തിൽ മാതൃകാപരമായ സ്ഥാപനങ്ങൾ നടത്താൻ സഹകരണമേഖലയ്ക്ക് സാധിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സഹകരണപ്രസ്ഥാനം കോളേജുകൾ നടത്തുന്നുണ്ടെങ്കിലും ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ കഴിവ് മെച്ചപ്പെടുത്താൻ നൈപുണ്യവികസന പരിശീലനം വേണ്ടത്ര ഇല്ല. അതിന് നൈപുണ്യവികസന സ്കൂളുകൾ നടപ്പാക്കാൻ സഹകരണമേഖലയ്ക്കാകുമെന്നും മന്ത്രി പറഞ്ഞു.
സെമിനാറിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി രാജൻ വർഗീസ് അധ്യക്ഷനായി. പിഎസ്സി മുൻ ചെയർമാൻ എം ഗംഗാധരക്കുറുപ്പ് വിഷയം അവതരിപ്പിച്ചു. ആർ ശശികുമാർ മോഡറേറ്ററായി. ടി എസ് ഷൺമുഖദാസ്, കെ രവി രാമൻ, എം വി ശശികുമാർ, എ ബിന്ദു എന്നിവർ സംസാരിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/AScztqk
Comments