വിദ്വേഷ മുദ്രാവാക്യം : പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് അറസ്‌റ്റിൽ ; ഇതുവരെ പിടിയിലായത് 26 പേർ
ആലപ്പുഴ
പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ റാലി സ്വാഗതസംഘം ചെയർമാൻ കൂടിയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് അറസ്റ്റിൽ. പിഎഫ്ഐ സംസ്ഥാന സമിതിയംഗം തൃശൂർ പെരുമ്പിലാവ് അഥീനയിൽ യഹിയ തങ്ങളെയാണ് (-47) ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. 21ന് ആലപ്പുഴയിലായിരുന്നു റാലി.
വൻ പൊലീസ് സന്നാഹത്തോടെ ഉച്ചയോടെയാണ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഇയാളെ എത്തിച്ചത്. വിശദമായ ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച അനുമതിയില്ലാതെ എസ്പി ഓഫീസ് മാർച്ച് നടത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു.അതിനിടെ യഹിയ തങ്ങളെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെ കമ്പനിപ്പടിയിൽ പൊലീസ് വാഹനം തടഞ്ഞുനിർത്തി മോചിപ്പിക്കാൻ ശ്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കൽ സുധീർ (45), എരമം ഓലിപറമ്പിൽ സാദിഖ് (43), ഓലിപ്പറമ്പിൽ ഷമീർ (38), പയ്യപ്പിള്ളി ഷഫീഖ് (38), ഏലൂക്കര അത്തനാട്ട് അൻവർ (42), ഉളിയന്നൂർ പല്ലേരിക്കണ്ടം കാസിം (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്പതോളം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.കഴിഞ്ഞദിവസം പൊലീസ് അറസ്റ്റുചെയ്ത കുട്ടിയുടെ അച്ഛനടക്കം അഞ്ചുപേരെ കോടതി റിമാൻഡ്ചെയ്തിട്ടുണ്ട്. കേസിൽ ഇതുവരെ 26 പേർ പിടിയിലായി. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
Credits Kerala || Deshabhimani Online News https://ift.tt/SqoifhD
Comments