ജീവിതം തന്നെ സ്മാരകം ; ഗൗരിയമ്മയുടെ ഓർമയ്ക്ക് ഇന്ന് ഒരു വയസ്
ആലപ്പുഴ
കേരളരാഷ്ട്രീയത്തിലെ ഇതിഹാസം ഗൗരിയമ്മ വിടപറഞ്ഞിട്ട് ബുധനാഴ്ച ഒരുവർഷം. ഒളിമങ്ങാത്ത ഓർമകളുമായി അവർകൂടി പുതുക്കിപണിത കേരളമനസ്സിൽ ചരിത്രവനിത നിത്യവിശ്രമം കൊള്ളുന്നു. തൊഴിലാളിവർഗ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികർക്കൊപ്പം നടത്തിയ നിസ്വാർഥ പ്രവർത്തനങ്ങളും പോരാട്ടങ്ങളും ഏറ്റുവാങ്ങിയ കിരാതമർദനവുമാണ് കെ ആർ ഗൗരി എന്ന ഗൗരിയമ്മ.
പി കൃഷ്ണപിള്ളയിൽനിന്ന് അംഗത്വം സ്വീകരിച്ചാണ് ഗൗരിയമ്മ കമ്യൂണിസ്റ്റ് പാർടിയുടെ പതാകവാഹകയാകുന്നത്. ദേശീയസ്വാതന്ത്ര്യസമരത്തിലും ദിവാൻ സി പി രാമസ്വാമി അയ്യരുടെ കിരാതവാഴ്ചയ്ക്കെതിരെയുമുള്ള പോരാട്ടങ്ങളിലും പങ്കെടുത്തു പീഡനത്തിനിരയായ ഗൗരിയമ്മയ്ക്ക് ഐക്യകേരളം രൂപംകൊണ്ടതിനു ശേഷവും പൊലീസ് മർദനമേൽക്കേണ്ടിവന്നു. തടവറയിലും സമരവേദികളിലും ഗൗരിയമ്മ അനുഭവിച്ചത്ര പീഡനം കേരളത്തിൽ ഒരു സ്ത്രീക്കും നേരിടേണ്ടിവന്നിട്ടില്ല.
1919 ജൂലൈ 14 നായിരുന്നു കളത്തിൽപറമ്പിൽ കെ എ രാമന്റെയും പാർവതിയമ്മയുടെയും മകളായി കെ ആർ ഗൗരിയുടെ ജനനം. വൈക്കം സത്യഗ്രഹത്തിൽ ജയിലിലടയ്ക്കപ്പെട്ട അച്ഛൻ കെ എ രാമൻ എസ്എൻഡിപിയുടെ സജീവ പ്രവർത്തകനായിരുന്നു.
ചേർത്തല ബാറിൽ അഭിഭാഷകവൃത്തി തുടങ്ങിയതോടെ ഗൗരിയമ്മ അവിടെ വീടെടുത്ത് താമസം തുടങ്ങി. അതോടെ ഈ വീട് പാർടിപ്രവർത്തനത്തിന്റെയും നേതാക്കളുടെയും താവളമായി. അയിത്തവും ജന്മി വാഴ്ചയും നിലനിന്ന ആലപ്പുഴയിൽ കയർ ഫാക്ടറിത്തൊഴിലാളികളുടെയും തോട്ടിപ്പണിക്കാരുടെയും കുടികിടപ്പുകാരുടെയും സമരനേതൃത്വം ഗൗരിയമ്മ ഏറ്റെടുത്തു.
1948ലെ ആദ്യ തെരഞ്ഞെടുപ്പിൽ ചേർത്തല ദ്വയാംഗ മണ്ഡലത്തിൽ ജനറൽ സീറ്റിൽ മത്സരിച്ചാണ് തെരഞ്ഞെടുപ്പുരംഗത്തെത്തുന്നത്. പരാജയപ്പെട്ടെങ്കിലും പിന്നീട് പലതവണ വിജയിച്ചു. 1957ൽ ഇ എം എസ് മന്ത്രിസഭയിൽ റവന്യൂമന്ത്രിയായ ഗൗരിയമ്മയ്ക്കായിരുന്നു കാർഷികബന്ധ നിയമം അവതരിപ്പിക്കാനുള്ള നിയോഗം. 1987ലെ ഇ കെ നായനാർ മന്ത്രിസഭയുടെ കാലത്ത് അഴിമതിനിരോധന നിയമവും വനിതാ കമീഷൻ നിയമവും അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചതും ഗൗരിയമ്മയ്ക്കു തന്നെ.
50 വർഷം നിയമസഭാംഗമായി. ആറുതവണ മന്ത്രിയായി. മികച്ച ഭരണാധികാരിയെന്ന നിലയിൽ കഴിവുതെളിയിച്ചു.
1964ൽ കമ്യൂണിസ്റ്റ് പാർടി പുന:സംഘടിപ്പിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം നിന്നു. ഭർത്താവും കമ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ടി വി തോമസ് സിപിഐയിലും.
വലതുപക്ഷ വ്യതിയാനത്തെയും ഇടതുപക്ഷ അതിസാഹസികതയെയും ചെറുത്തുതോൽപ്പിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ഗൗരിയമ്മ ഇടക്കാലത്ത് പാർടിയിൽനിന്ന് അകന്നു. എങ്കിലും അവസാനകാലത്ത് തിരിച്ചെത്തി. അവിസ്മരണീയമായ സമരപോരാട്ടങ്ങൾക്ക് ധീരോദാത്തമായി നേതൃത്വം കൊടുത്ത് കേരളത്തിന്റെ ചരിത്രം ചുവപ്പിച്ചു ആ വീരവനിത. പി കൃഷ്ണപിള്ള അടക്കമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികർ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽ തന്നെ ആ ഇതിഹാസം എരിഞ്ഞടങ്ങിയത് ചരിത്രത്തിന്റെ നീതിയുക്തമായൊരു കുതൂഹലമായി.
Credits Kerala || Deshabhimani Online News https://ift.tt/PVTIaq4
Comments