കർണാടക പാഠപുസ്‌തകത്തില്‍ ആര്‍എസ്എസ് അജൻഡ; രോഷമറിയിച്ച് എഴുത്തുകാര്‍
ന്യൂഡൽഹി> പാഠപുസ്തകത്തിലൂടെ ആര്എസ്എസ് അജണ്ട നടപ്പാക്കാനുള്ള ആസൂത്രിത നീക്കത്തില് പ്രതിഷേധിച്ച് കർണാടകത്തിലെ പ്രമുഖ എഴുത്തുകാരും വിദ്യാഭ്യാസ വിദഗ്ധരും സർക്കാർ സമിതികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും രാജിവച്ചു. കർണാടകത്തിലെ പത്താം ക്ലാസ് കന്നട പാഠപുസ്തകത്തിൽനിന്ന് ഭഗത് സിങ്ങിന്റെ പാഠം ഒഴിവാക്കി ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയതിലും സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽനിന്ന് ശ്രീനാരായണഗുരു, പെരിയാർ, ടിപ്പു സുൽത്താൻ എന്നിവരെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയതിലും ദേശവ്യാപക പ്രതിഷേധമുയര്ന്നതിന് പിന്നാലെയാണ് നടപടി.
രാഷ്ട്രകവി ഡോ. ജി എസ് ശിവരുദ്രപ്പ പ്രതിഷ്ഠാനയുടെ പ്രസിഡന്റും എഴുത്തുകാരനുമായ എസ് ജി സിദ്ധരാമയ്യ, കുവെമ്പു പ്രതിഷ്ഠാന പ്രസിഡന്റ് ഹംപ നാഗരാജയ്യ, എച്ച് എസ് രാഘവേന്ദ്ര റാവു, നടരാജ ബുദാലു, ചന്ദ്രശേഖർ നംഗ്ലി എന്നിവര് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് രാജിക്കത്ത് നൽകി. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ മേഖല നേരിടുന്ന ആക്രമണം ആശങ്കയിലാഴ്ത്തുന്നെന്നും ഫെഡറൽ സംവിധാനത്തെ തകർക്കുംവിധം വർഗീയവിദ്വേഷം പടർത്തുന്നവർക്കെതിരെ സർക്കാർ നടപടി എടുക്കുന്നില്ലെന്നും ഇവർ രാജിക്കത്തിൽ പറയുന്നു.
ഒമ്പതാം ക്ലാസിലെ കന്നട പാഠപുസ്തകത്തിൽനിന്ന് തന്റെ കവിത ‘മനേഗേലസദ ഹുഡുഗി’ പിൻവലിക്കണമെന്ന് എസ് ജി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. തന്നെ ആദരിക്കാനുള്ള കർണാടക സർക്കാരിന്റെ ക്ഷണം നിരസിച്ചതായി വിദ്യാഭ്യാസ വിദഗ്ധൻ വി പി നിരഞ്ജനാരാധ്യ പറഞ്ഞു.
എഴുത്തുകാരായ ദേവനൂര് മഹാദേവയും ഡോ. ജി രാമകൃഷ്ണയും പാഠപുസ്തകത്തില് നിന്നും സ്വന്തം രചനകൾ പിൻവലിക്കണമെന്ന് വിദ്യാഭ്യാസവകുപ്പിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. പാഠപുസ്തക പരിഷ്കരണ കമ്മിറ്റി അധ്യക്ഷൻ രോഹിത് ചക്രതീർഥയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച പുരോഗമന എഴുത്തുകാരുടെയും അഭിഭാഷകരുടെയും നേതൃത്വത്തിൽ ബംഗളൂരുവിൽ പ്രകടനം നടത്തി. അഭിഭാഷകരായ എ പി രംഗനാഥ്, സി എച്ച് ഹനുമന്തരായ എന്നിവരും പങ്കെടുത്തു.
Credits National || Deshabhimani Online News https://ift.tt/97uO8eH
Comments