അധ്യാപകക്ഷാമം കെട്ടുകഥ: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം> സ്കൂളിൽ അധ്യാപകക്ഷാമം രൂക്ഷമാണെന്ന മാധ്യമപ്രചാരണം കെട്ടുകഥയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മെയ് 31ന് വിരമിക്കുന്നവർക്കു പകരം താൽക്കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ട്. വിരമിക്കൽ ഒഴിവുകൾ നികത്തേണ്ടത് പിഎസ്സിയാണ്. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നുണ്ട്. റാങ്ക് ലിസ്റ്റുകൾ നിലവിലില്ലാത്ത വിഷയങ്ങളിൽ പുതിയത് വരുന്ന മുറയ്ക്ക് നിയമനം നടത്തും. അതുവരെ താൽക്കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ട്. പിഎസ്സി നിയമനം നടക്കുന്നില്ലെന്ന പ്രചാരണവും വസ്തുതാ വിരുദ്ധമാണ്. പിഎസ്സിവഴി നിയമനം ലഭിച്ച 353 അധ്യാപകർ ബുധനാഴ്ച സ്കൂളിലെത്തുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

313 കോടിയുടെ പദ്ധതികൾക്ക് അനുമതി

പൊതുവിദ്യാഭ്യാസവകുപ്പിൽ 312.88 കോടിരൂപയുടെ വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൗജന്യ സ്കൂൾ യൂണിഫോമിന് 140 കോടി അനുവദിച്ചു. ബഡ്സ് സ്ഥാപനങ്ങൾക്കുള്ള ധനസഹായം 288 സ്കൂളിന് ലഭിക്കും. പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് 44 കോടി, പിടിഎ പ്രോത്സാഹന സമ്മാനങ്ങൾക്ക് 90 ലക്ഷവും ഉദ്യാനം, മാലിന്യനിർമാർജനം എന്നിവയ്ക്ക് 50 ലക്ഷവും വായനശീലം വളർത്താൻ 50 ലക്ഷവും അനുവദിച്ചു.

സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന് 40 ലക്ഷവും സ്പെഷ്യൽ സ്കൂളിലെ അധ്യാപകരുടെ ശേഷി വർധിപ്പിക്കാനും സൗകര്യം മെച്ചപ്പെടുത്താനും രണ്ടു കോടിയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/uGh6SfD

Comments

Archive

Contact Form

Send