കെ സുരേന്ദ്രനെ ലക്ഷ്യമിട്ട് വിമതപ്പട ; അസംതൃപ്‌തരുടെ കൂട്ടായ്‌മ സംസ്ഥാനവ്യാപകമാകും
പാലക്കാട്
നേതൃത്വത്തിന്റെ പിടിപ്പുകേടിലും അഴിമതിയിലും പ്രതിഷേധിച്ച് ബിജെപിയിലെ അസംതൃപ്തർ സംസ്ഥാന വ്യാപകമായി കൺവൻഷൻ സംഘടിപ്പിക്കുന്നു. ദേശീയ എക്സിക്യുട്ടീവ് അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭ സുരേന്ദ്രന്റെ മുൻകൈയിലാണ് അസംതൃപ്തർ ഒന്നിക്കുന്നത്. പത്മദുർഗം സേവാസമതി എന്ന പേരിൽ സംഘടന രൂപീകരിച്ച് ആദ്യ കൺവൻഷൻ ഞായറാഴ്ച ചിറ്റൂരിൽ സംഘടിപ്പിച്ചു. പാലക്കാട് നഗരസഭ കൗൺസിലർ എൻ ശിവരാജൻ, വി നടേശൻ, ദേശീയ കൗൺസിലംഗം എസ് ആർ ബാലസുബ്രഹ്മണ്യൻ എന്നിവർ കൺവൻഷനിൽ പങ്കെടുത്തത് ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിച്ചു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് എന്നിവർക്കെതിരായ പരസ്യമായ പടനീക്കത്തിനും കൺവൻഷൻ തുടക്കംകുറിച്ചു. ഇതേ മാതൃകയിൽ ഓരോ ജില്ലയിലും ഔദ്യോഗിക വിഭാഗത്തിനെതിരായ കൂട്ടായ്മ രൂപീകരിക്കാനും നീക്കമുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദേശീയനേതൃത്വം കേരളത്തിന് നൽകിയ കോടിക്കണക്കിന് രൂപ പല നേതാക്കളും ചെലവഴിക്കാതെ മുക്കിയിരുന്നു. സംസ്ഥാനത്തെ മുപ്പതോളം നേതാക്കൾ ബിനാമിയായി വൻതോതിൽ സ്വത്തും വാങ്ങിക്കൂട്ടി. നേതാക്കളെ ഒപ്പംനിർത്താൻ സംസ്ഥാന നേതൃത്വം ഈ തുകയാണ് ഉപയോഗിച്ചതെന്ന് വിമതർ തുറന്നടിച്ചു. ആരൊക്കെ തെരഞ്ഞെടുപ്പ് പണം ദുരുപയോഗം ചെയ്തുവെന്നും എവിടെയൊക്കെ ഭൂമിയും ഫ്ലാറ്റും വ്യവസായ സ്ഥാപനങ്ങളും വാങ്ങിയെന്നും ഇവർ ദേശീയ നേതൃത്വത്തിന് പരാതിയായി നൽകിയിരുന്നു. അണികളെ പൂർണമായും അവഗണിക്കുന്ന നേതൃത്വം പണസമ്പാദനത്തിനുള്ള മാർഗമായി പാർടിയെ ഉപയോഗിക്കുന്നു. ഇതിന് ആർഎസ്എസും ഒത്താശചെയ്യുന്നു. അമിത്ഷായുടെ സന്ദർശനം മുൻനിർത്തി നടത്തിയ പിരിവുകളും തെളിവുസഹിതം തുറന്നുകാണിക്കാൻ വിമതർക്കായി. ഇത് തിരിച്ചറിഞ്ഞാണ് അമിത്ഷാ കേരളസന്ദർശനം റദ്ദാക്കിയത്. വിമതരുടെ ഈ നീക്കം ഔദ്യോഗിക പക്ഷത്തിന് അപ്രതീക്ഷിത ആഘാതമായിട്ടുണ്ട്.
ആർഎസ്എസിൽനിന്ന് ബിജെപിയിലേക്ക് നേതാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും സാമ്പത്തിക ഇടപാട് നടക്കുന്നുവെന്നും വിമത നേതാക്കൾ ആരോപിക്കുന്നു.
Credits Kerala || Deshabhimani Online News https://ift.tt/oaO289s
Comments