ജാമ്യവ്യവസ്ഥ ലംഘിച്ച്‌ 
പി സി ജോർജ്‌ ; പൊലീസ്‌ നിയമോപദേശം തേടും

തിരുവനന്തപുരം
മതവിദ്വേഷക്കേസിൽ ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് പി സി ജോർജ്. ശബ്ദപരിശോധനയ്ക്ക് ഹാജരാകണമെന്ന പൊലീസ് നിർദേശം അവഗണിച്ചാണ് ജോർജ് തൃക്കാക്കരയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തത്. ജോർജിന്റെ നിലപാടിൽ എന്ത് നടപടി വേണമെന്നതിൽ പൊലീസ് നിയമോപദേശം തേടും. തുടർന്ന് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ ജാമ്യവ്യവസ്ഥകൾ നേരത്തേ ജോർജ് ലംഘിച്ചിരുന്നു. കോടതി വ്യവസ്ഥയ്ക്ക് വിരുദ്ധമായി മതവിദ്വേഷ പ്രസംഗം നടത്തിയതിനെത്തുടർന്ന് ജാമ്യം റദ്ദാക്കി ജോർജിനെ ജയിലിലിട്ടിരുന്നു. തുടർന്ന്, ഹൈക്കോടതിയെ സമീപിച്ചാണ് ജാമ്യം നേടിയത്.

പരസ്യപ്രസ്താവനകൾ പാടില്ല, വിദ്വേഷ പ്രസംഗം ആവർത്തിക്കരുത്, ശാസ്ത്രീയ പരിശോധനകൾക്ക് വിധേയനാകണം, അന്വേഷണവുമായി സഹകരിക്കണം എന്നീ വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകളിൽ ലംഘനമുണ്ടായാൽ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ വ്യവസ്ഥകൾ ജോർജ് ഇപ്പോൾ ലംഘിച്ചു. ഞായർ പകൽ 11ന് ഹാജരാകാനായിരുന്നു ഫോർട്ട് പൊലീസിന്റെ നിർദേശം. എന്നാൽ, ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും നേരത്തേ നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ തൃക്കാക്കരയിൽ പോകണമെന്നുമാണ് ജോർജ് മറുപടി നൽകിയത്.


വീണ്ടും വർ​ഗീയവിഷം ചീറ്റി ;സ്വീകരിച്ചാനയിച്ച് ബിജെപി നേതാക്കൾ
വിദ്വേഷ പ്രസംഗ കേസിൽ ചോദ്യംചെയ്യലിന് തിരുവനന്തപുരത്ത് ഹാജരാകണമെന്ന പൊലീസ് നിർദേശം അവഗണിച്ച് തൃക്കാക്കരയിലെത്തിയ പി സി ജോർജ് ബിജെപി സ്ഥാനാർഥിക്കും നേതാക്കൾക്കുമൊപ്പം പ്രചാരണത്തിന് ഇറങ്ങി. എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണന്റെ റോഡ്ഷോയിൽ പങ്കെടുത്ത ജോർജ്, പതിവുരീതിയിൽ വിഷംചീറ്റുന്ന പ്രസംഗവും നടത്തി. മണ്ഡലമാകെ പ്രചാരണത്തിലും വാർത്താസമ്മേളനത്തിലും മതവിദ്വേഷവാക്കുകളുടെ പ്രവാഹമായിരുന്നു. വിവാദ മതവിദ്വേഷപ്രസംഗം നടത്തിയ വെണ്ണല ക്ഷേത്രത്തിലെ സ്വീകരണത്തോടെയാണ് എ എൻ രാധാകൃഷ്ണനൊപ്പം പി സി ജോർജ് പര്യടനം തുടങ്ങിയത്.

"പറഞ്ഞത് 
കുറഞ്ഞുപോയി'
വിവാദത്തിലേക്കും പൊലീസ് കേസിലേക്കും നയിച്ച തിരുവനന്തപുരത്തെയും വെണ്ണലയിലെയും മതവിദ്വേഷപ്രസംഗങ്ങളിൽ ഖേദമില്ലെന്ന് പി സി ജോർജ് പറഞ്ഞു. ‘രണ്ടിടത്തും പറഞ്ഞത് കുറഞ്ഞുപോയി എന്നാണ് തോന്നുന്നത്. ജാമ്യം റദ്ദാക്കിയാൽ ജയിലിൽ പോകും. വീട്ടിലേക്കാൾ സുഖമാണ് ജയിലിൽ. കോൺഗ്രസിന്റെ 65 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷനേതാവാണ് വി ഡി സതീശനെന്നും തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ ജോർജ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/gZmOAio

Comments

Archive

Contact Form

Send