ബിജെപിയെ പുറത്താക്കാൻ കോൺഗ്രസിനാകില്ല: ആന്റണി
തിരുവനന്തപുരം
കേന്ദ്രഭരണത്തിൽനിന്ന് ബിജെപിയെ മാറ്റിനിർത്താൻ കോൺഗ്രസിന് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് എ കെ ആന്റണി. ഐഎൻടിയുസി പ്ലാറ്റിനം ജൂബിലി ആഘോഷം കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താൻ യാഥാർഥ്യവാദിയാണെന്ന ആമുഖത്തോടെയായിരുന്നു ആന്റണിയുടെ തുറന്നുപറച്ചിൽ. രാജ്യത്തെ ദേശീയ പാർടികളിലൊന്നായ കോൺഗ്രസ് രാജ്യത്ത് എല്ലായിടത്തുമുണ്ട്. എങ്കിലും ബിജെപി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് ഒറ്റയ്ക്ക് സാധിക്കില്ല. ഭരണമാറ്റം ആഗ്രഹിക്കുന്ന മറ്റ് പാർടികളുമായി ചേർന്ന് നേതൃത്വം ഏറ്റെടുക്കണം. കോൺഗ്രസ് ഇല്ലാതെ ഭരണമാറ്റത്തിനുള്ള ശ്രമം നടക്കുന്നുണ്ട്. കോൺഗ്രസ് ഇല്ലാത്ത മുന്നണി ആഗ്രഹിക്കുന്ന പാർടികൾ ചെയ്യുന്നത് തെറ്റാണ്. കോൺഗ്രസും മറ്റ് പാർടികളും ട്രേഡ് യൂണിയനുകളുമെല്ലാം ഒരുമിച്ച് ചേർന്ന് 2024ൽ ബിജെപിയെ അധികാരത്തിൽനിന്ന് നീക്കണമെന്നും ആന്റണി പറഞ്ഞു.
ഐഎൻടിയുസി ഓഫീസ് ഉദ്ഘാടനം
ബഹിഷ്കരിച്ച് സതീശൻ
ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബഹിഷ്കരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെല്ലാം പങ്കെടുത്ത ചടങ്ങാണ് തിരുവനന്തപുരത്തുണ്ടായിട്ടും സതീശൻ ബഹിഷ്കരിച്ചത്. നേരത്തേ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായുണ്ടായ തർക്കമാണ് ബഹിഷ്കരണത്തിനു പിന്നിൽ. ദേശീയ പണിമുടക്കിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും തമ്മിലുള്ള പ്രശ്നത്തിന് തുടക്കമായത്. പണിമുടക്കിന് എതിരായ നിലപാട് സ്വീകരിച്ച സതീശൻ ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പരസ്യനിലപാട് സ്വീകരിച്ചു. ഇതോടെ ഐഎൻടിയുസി പ്രവർത്തകർ സതീശനെതിരെ പരസ്യമായി രംഗത്തുവന്നു. തുടർന്ന് പ്രശ്നം പരിഹരിച്ചെന്ന നേതൃത്വത്തിന്റെ അവകാശവാദം വെറുതെയെന്ന് ബഹിഷ്കരണം തെളിയിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചർച്ച നടക്കുന്നതിനാലാണ് പങ്കെടുക്കാൻ കഴിയാതിരുന്നത് എന്നാണ് സതീശൻ അറിയിച്ചത്. എന്നാൽ, ചർച്ചയിൽ പങ്കെടുത്ത ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ തുടങ്ങിയ നേതാക്കളെല്ലാം ഉദ്ഘാടനത്തിന് എത്തി. കോവളത്ത് നടന്ന ഐഎൻടിയുസി ചടങ്ങിലും പങ്കെടുത്തശേഷമാണ് ചെന്നിത്തലയടക്കമുള്ളവർ ചർച്ചയിലേക്ക് മടങ്ങിയത്.
Credits Kerala || Deshabhimani Online News https://ift.tt/fb1ArTm
Comments