കശ്‌മീരിൽജമ്മു കശ്മീർ, തീവ്രവാദികൾ, അധ്യാപിക അധ്യാപികയെ സ്‌കൂളിനുള്ളിൽ വെടിവച്ചുകൊന്നു
ന്യൂഡൽഹി> ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ അധ്യാപികയെ സ്കൂളിനുള്ളിൽ കയറി ഭീകരർ വെടിവച്ചുകൊന്നു. സാമ്പ ജില്ലയിൽനിന്നുള്ള രജിനി ബാലയെന്ന ഹൈസ്കൂൾ അധ്യാപികയാണ് താഴ്വരയിലെ ഗോപാൽപോരയിലുള്ള സ്കൂളിൽ ചൊവ്വ രാവിലെ കൊല്ലപ്പെട്ടത്. സുരക്ഷാ ഭീഷണിയുണ്ടെന്ന് രജിനി പറഞ്ഞിരുന്നതായി ബന്ധു അറിയിച്ചു. പിന്നിൽ ജെയ്ഷെ മുഹമ്മദ് ഭീകരരാണെന്ന് പൊലീസ് പറഞ്ഞു.
ഒറ്റമാസത്തിനിടെ ഭീകരര് വ്യക്തികളെ തെരഞ്ഞുപിടിച്ച് വധിക്കുന്ന ഏഴാമത്തെ സംഭവമാണിത്. ബുദ്ഗാമിൽ റവന്യുവകുപ്പ് ജീവനക്കാരൻ രാഹുൽ ഭട്ടിനെ ഓഫീസിൽ കയറിയാണ് വെടിവച്ചുകൊന്നത്. പിന്നാലെ മൂന്നുപൊലീസുകാരെയും മൂന്നു സിവിലിയന്മാരെയും വധിച്ചു. അധികൃതർ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിൽ പ്രക്ഷോഭത്തിലാണ്.
ക്രൂരം: സിപിഐ എം
അധ്യാപികയെ ഭീകരർ സ്കൂളിൽ കയറി വെടിവച്ചുകൊന്ന സംഭവത്തെ അപലപിച്ച് സിപിഐ എം. കൊലപാതകം ദൗർഭാഗ്യകരവും അങ്ങേയറ്റം ക്രൂരവുമാണ്. സിവിലിയന്മാരുടെ വധം കശ്മീരിൽ തുടർക്കഥയാകുകയാണ്. സുരക്ഷാ ഭീഷണി നേരിടുന്ന ജീവനക്കാരെ മറ്റ് മേഖലകളിലേക്ക് സർക്കാർ ഉടൻ മാറ്റി നിയമിക്കണമെന്നും സംരക്ഷണം നൽകണമെന്നും കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് താരിഗാമി ആവശ്യപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/0yaVCPT
Comments