രാജ്യസഭാ സീറ്റ്‌ നിഷേധിച്ചത്‌ ഉമ്മൻചാണ്ടി ; പി ജെ കുര്യന്റെ വെളിപ്പെടുത്തൽ


തിരുവനന്തപുരം
അർഹമായ രാജ്യസഭാ സീറ്റ് നിഷേധിക്കാൻ ഉമ്മൻചാണ്ടി ചരടുവലിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. ഇതിൽ രമേശ് ചെന്നിത്തലയും ചേർന്നു. നേതാക്കളുടെ ഇടുങ്ങിയ കാഴ്ചപ്പാടാണ് ഇത്തരമൊരു നീക്കത്തിലേക്ക് എത്തിച്ചത്. പ്രസാധകൻ മാസിക പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പി ജെ കുര്യൻ ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും രൂക്ഷമായി കുറ്റപ്പെടുത്തുന്നത്. സീറ്റ് കേരളാ കോൺഗ്രസിന് കൊടുക്കാനുള്ള ഉമ്മൻചാണ്ടിയുടെ തീരുമാനത്തെ ചെന്നിത്തലയും പിന്തുണച്ചു. ഫോണിലൂടെപോലും തന്നോട് ആശയവിനിമയം നടത്തിയില്ലെന്നും കുര്യൻ അഭിമുഖത്തിൽ വ്യക്തമാക്കി.

കോൺഗ്രസിൽ എ ഗ്രൂപ്പിന്റ ഭാഗമായാണ് താൻ പ്രവർത്തിച്ചത്. ഗ്രൂപ്പിനുവേണ്ടി പലകാര്യങ്ങളും ഡൽഹിയിൽ ചെയ്തു. അതെല്ലാം ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരമാണ്. ലീഡർ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റാൻ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ വൻചരടുവലി നടത്തി. ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരം ലീഡറുടെ സുഹൃത്തായ മൂപ്പനാരെത്തന്നെ നിരീക്ഷകനാക്കണമെന്ന് നരസിംഹറാവുവിനോട് ആവശ്യപ്പെട്ടു.

മൂപ്പനാരെക്കൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ റിപ്പോർട്ട് എഴുതിക്കാനുള്ള കൗശലം പിന്നീടാണ് മനസ്സിലായത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരുണാകരനെ മാറ്റി. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമന്ത്രി തന്റെ പേര് നിർദേശിക്കാൻ തീരുമാനിച്ചപ്പോൾ തട്ടിയകറ്റിയതും ഇതേ പാർടി നേതൃത്വമാണ്. വിശ്വസിച്ച പാർടി ഇടപെട്ട് വലിയൊരു സാധ്യതയില്ലാതാക്കിയെന്ന് കുര്യൻ കുറ്റപ്പെടുത്തുന്നു. സൂര്യനെല്ലി ആരോപണത്തിൽ വേട്ടയാടപ്പെട്ടതിനുപിന്നിലും കോൺഗ്രസിന്റെ ഒരു ഗ്രൂപ്പ് സജീവമായിരുന്നു.

കുപ്രചാരകരുടെ സംഘം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെയും ചാനലുകൾവഴിയും കുപ്രചാരണം നടന്നു. കോൺഗ്രസിനെ രക്ഷിക്കാൻ ഒറ്റ നേതാവ് പോര. എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധാനംചെയ്യുന്ന കൂട്ടായ നേതൃത്വമാണ് ആവശ്യം. രാഹുൽ ഗാന്ധിക്ക് ചെറുപ്പക്കാരെയും മുതിർന്ന നേതാക്കളെയും ഏകോപിച്ച് നേതൃത്വം നൽകാൻ കഴിയുന്നില്ല.കോൺഗ്രസിൽ സ്ഥാനം ലഭിക്കാൻ ഒരു പ്രവർത്തനവും ആവശ്യമില്ല. നേതാക്കളെ സന്തോഷിപ്പിച്ചാൽ മതിയെന്നും കുര്യൻ കുറ്റപ്പെടുത്തുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/TFr0Nck

Comments

Archive

Contact Form

Send