ചിന്തനും പാഴായി ; രാജ്യസഭാ സീറ്റിലും കോൺഗ്രസിൽ കലഹം
ന്യൂഡൽഹി
രാജ്യസഭാ സീറ്റുകളിലേക്കുള്ള 10 സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ പൊട്ടിത്തെറി. സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കള് പരസ്യപ്രതികരണവുമായി രംഗത്ത്. രാജസ്ഥാനിൽ ജയിക്കാനാകുന്ന മൂന്നു സീറ്റിലും പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കുന്നതിൽ നേതാക്കളും അണികളും രോഷം പരസ്യമാക്കി. വിവിധ സംസ്ഥാനങ്ങളിലായി പ്രഖ്യാപിച്ചവരിൽ എട്ടു സ്ഥാനാർഥികളും പുറത്തുനിന്നുള്ളവര്.
തഴയപ്പെട്ടതോടെ, കോൺഗ്രസ് വക്താവും രാജസ്ഥാനിൽനിന്നുള്ള നേതാവുമായ പവൻ ഖേഡയാണ് ആദ്യ പ്രതിഷേധം ഉയർത്തിയത്. ‘ഒരു പക്ഷേ എന്റെ തപസ്യയിൽ എന്തെങ്കിലും കുറവുണ്ടാകാം’–- ഖേഡ ട്വിറ്ററിൽ കുറിച്ചു. ഇതിനോട്, കോൺഗ്രസ് നേതാവും നടിയുമായ നഗ്മ പ്രതികരിച്ചു. 18 വർഷത്തിലേറെയായി നീളുന്ന തന്റെ തപസ്യയും ഇമ്രാൻ ഭായിക്കു മുന്നിൽ അപ്രസക്തമായെന്ന് നഗ്മ ട്വിറ്ററിൽ പറഞ്ഞു.
യുപിക്കാരനായ ഇമ്രാൻ പ്രതാപ്ഗഡിയെ മഹാരാഷ്ട്രയിൽ സ്ഥാനാർഥിയാക്കിയതിലുള്ള രോഷമാണ് നഗ്മ പ്രകടിപ്പിച്ചത്. 2003–-04ൽ കോൺഗ്രസിൽ ചേരുമ്പോൾ സോണിയ ഗാന്ധി രാജ്യസഭാസീറ്റ് വാഗ്ദാനം ചെയ്തു. 18 വർഷമായിട്ടും അവസരം തന്നില്ല. താൻ അർഹത കുറഞ്ഞവളാണോയെന്നും- നഗ്മ ചോദിച്ചു. യുപിയിൽനിന്നുള്ള കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണയും രോഷം പരസ്യമാക്കി. സൽമാൻ ഖുർഷിദിന്റെയും താരിഖ് അൻവറിന്റെയും ഗുലാംനബി ആസാദിന്റെയുമെല്ലാം തപസ്യ 40 വർഷത്തിലേറെ നീണ്ടതാണെന്നും അവരും "രക്തസാക്ഷി'കളായെന്നും ആചാര്യ പറഞ്ഞു.
രാജസ്ഥാനിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ സാന്യം ലോധ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. രാജ്യസഭയിലേക്ക് പോകാൻ കഴിവുള്ള ആരും രാജസ്ഥാനിൽ ഇല്ലാത്തതിനാലാണോ എല്ലാ സീറ്റും പുറമെനിന്നുള്ളവർക്ക് നൽകിയതെന്ന് ലോധ ചോദിച്ചു.
സംസ്ഥാന ബിജെപി ഘടകവും കോൺഗ്രസിനെ പരിഹസിച്ചു. ചിന്തൻ ശിബിരം രാജസ്ഥാനിലായിരുന്നു. ചിന്തയുടെ നേട്ടം നോക്കൂ. രാജസ്ഥാനിൽനിന്ന് ഒരാൾപോലുമില്ല–- ബിജെപി അധ്യക്ഷൻ സതീഷ് പുനിയ ട്വീറ്റ് ചെയ്തു. രാഹുൽ ബ്രിഗേഡിനെ നയിക്കുന്ന ഹരിയാനയിൽനിന്നുള്ള രൺദീപ് സുർജെവാല, മുകുൾ വാസ്നിക് (മഹാരാഷ്ട്ര), പ്രമോദ് തിവാരി (യുപി) എന്നിവരാണ് രാജസ്ഥാനിൽനിന്ന് മത്സരിക്കുന്നത്. അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാൻ നേതാക്കളെ കൂട്ടമായി തഴഞ്ഞത് വലിയ രാഷ്ട്രീയവിവാദമാകും. സോണിയാ കുടുംബാനുകൂലിയായ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗ മാണ്.
Credits National || Deshabhimani Online News https://ift.tt/DhzjJYB
Comments