വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി
കൊച്ചി
പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില് സിനിമാനിർമാതാവും നടനുമായ വിജയ് ബാബുവിന്റെ പാസ്പോര്ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. സിറ്റി പൊലീസ് കേന്ദ്രത്തിന് നല്കിയ അപേക്ഷയെത്തുടര്ന്നാണ് നടപടി. ഇക്കാര്യം വ്യാഴാഴ്ച മന്ത്രാലയം സിറ്റി പൊലീസിനെ അറിയിച്ചു. വിസയും റദ്ദാക്കുമെന്ന് സിറ്റി പൊലീസ് കമീഷണര് സി എച്ച് നാഗരാജു പറഞ്ഞു. പാസ്പോർട്ട് റദ്ദായത് ഇന്ത്യന് എംബസി യുഎഇയെ അറിയിക്കും. തുടര്ന്ന് യുഎഇ പൊലീസ് വിജയ്ബാബുവിനെ പിടികൂടി നാട്ടിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമീഷണര് പറഞ്ഞു. പ്രതികളെ കൈമാറ്റം ചെയ്യാന് കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് ഇയാള് കടന്നതായി സൂചനയുണ്ട്. എന്നാല്, പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതികളെ കൈമാറുന്നതിന് ഇന്ത്യയുമായി യുഎഇക്ക് കരാറുണ്ട്.
അതേസമയം വിജയ്ബാബുവിനെക്കുറിച്ചുള്ള യുഎഇ ഇന്റർപോളിന്റെ റിപ്പോർട്ട് ഉടൻ ലഭിക്കും. താമസിക്കുന്ന സ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിലുണ്ടാകും. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയതിന്റെ തുടർനടപടികളുടെ ഭാഗമായാണ് ഇത്. ഇതിനുശേഷം റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാൻ നടപടി ആരംഭിക്കും. കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് വിജയ് ബാബു നാടുവിട്ടത്. കേസില് പ്രതിയായശേഷമാണ് താന് ദുബായിലാണെന്ന് പ്രഖ്യാപിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ ബിസിനസ് ടൂറിലാണെന്നും 19-ന് നാട്ടില് എത്തുമെന്നുമാണ് അറിയിച്ചത്. അതിനിടെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി മാറ്റിവച്ചു. അത് വെള്ളിയാഴ്ച പരിഗണിച്ചേക്കും.
Credits Kerala || Deshabhimani Online News https://ift.tt/0NJftbd
Comments