മേരി കോം പറഞ്ഞു; 
താരങ്ങളെത്തേടി ലേഖ ഇറങ്ങും



തിരുവനന്തപുരം
കേരളത്തിലെ ബോക്സിങ് രംഗത്തിന് എന്തുപറ്റിയെന്നായിരുന്നു പഴയ കൂട്ടുകാരിയും ലോക ചാമ്പ്യനുമായ കെ സി ലേഖയെ കണ്ടപ്പോൾ മേരി കോമിന്റെ ചോദ്യം. അപ്രതീക്ഷിത അതിഥിയായി വീട്ടിൽ എത്തി സൗഹൃദം പുതുക്കുന്നതിനിടെയായിരുന്നു നല്ല പഞ്ചുള്ള ആ ചോദ്യം.

‘‘എന്തെങ്കിലും ചെയ്യണം, ഞാൻ സഹായിക്കാമെന്ന് കൂടി’’ മേരി കോം പറഞ്ഞതോടെ മനസ്സിലുള്ള ആശയം സുഹൃത്തിനോട് പങ്കുവച്ചു ലേഖ. ബോക്സിങ്ങിൽ മികവുള്ള താരങ്ങളെ കണ്ടെത്താൻ ക്യാമ്പ് സംഘടിപ്പിക്കാൻ പോകുകയാണെന്നും പറ്റിയാൽ അക്കാദമി തന്നെ ആരംഭിക്കുമെന്നു പറഞ്ഞപ്പോൾ മേരിയുടെ ചുണ്ടിൽ മണിപ്പുരിന്റെ അഴകുള്ള ചിരിവിടർന്നു.

റിങ്ങിലും ക്യാമ്പിലുമായി വർഷങ്ങൾ നീണ്ട സൗഹൃദത്തിന്റെ കരുത്തുണ്ട് മുൻ ലോകചാമ്പ്യൻ ലേഖയും ഒളിമ്പ്യൻ മേരിയും തമ്മിലുള്ള ബന്ധത്തിന്. വിവിധ വിഭാഗത്തിൽ ലേഖയും മേരിയും സരിതാദേവിയും ജെനിയും ലോകചാമ്പ്യന്മാരായത് ഒരുമിച്ചായിരുന്നു. അൽപ്പം മണിപ്പുരി ഭാഷ ലേഖയെ മേരി പഠിപ്പിച്ചിട്ടുണ്ട്. ലേഖ മലയാളവും. ആ ഓർമ പൊടിതട്ടി എടുത്തായിരുന്നു കേരള ഗെയിംസ് ഉദ്ഘാടനത്തിൽ മേരിയുടെ മലയാള പ്രയോഗം. കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത് ആവർത്തിച്ചു മേരി. കഴിവുള്ള മലയാളി താരങ്ങൾ തന്റെ അക്കാദമിയിൽ സൗജന്യമായി പരിശീലിപ്പിക്കാമെന്ന് ഒരിക്കൽക്കൂടി വാക്കുനൽകി. മണിപ്പുരിലേക്കും അക്കാദമിയിലേക്കും ക്ഷണിച്ചാണ് ലേഖയുടെ വീട്ടിൽനിന്നും മേരി ഇറങ്ങിയത്. താൽപ്പര്യത്തോടെ ബോക്സിങ്ങിലേക്കു വന്ന് നിശ്ചയദാർഢ്യത്തോടെ കഠിനാധ്വാനം ചെയ്യാൻ കുട്ടികൾ തയ്യാറായാൽ കേരളത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് ലേഖയുടെ പക്ഷം. അത്തരം കുട്ടികളെത്തേടി ഉടൻ ഇറങ്ങും.



Credits Kerala || Deshabhimani ​Online ​News https://ift.tt/oyZW3zk

Comments

Archive

Contact Form

Send