കെഎസ്ഇബി സമരം ഒത്തുതീർന്നു
തിരുവനന്തപുരം
കെഎസ്ഇബിയിൽ വിവിധ പ്രശ്നങ്ങളുയർത്തി കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നടത്തിവന്ന സമരം ഒത്തുതീർപ്പായി. ശനിയാഴ്ച ഊർജ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹയുമായി നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. സ്ഥലംമാറ്റിയ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെയും കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജാസ്മിൻ ബാനുവിനെയും തിരുവനന്തപുരത്ത് നിയമിക്കും. ജനറൽ സെക്രട്ടറി ബി ഹരികുമാറിന് സൗകര്യപ്രദമായ സ്ഥലത്ത് സ്ഥാനക്കയറ്റത്തോടെ നിയമനം നൽകും. മാനേജ്മെന്റും സംഘടനയുമായുണ്ടായിരുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. ബോർഡ് തീരുമാനങ്ങളിൽ വിയോജിക്കാനും വിമർശിക്കാനും സ്വാതന്ത്ര്യമുണ്ടാകും. ബോർഡും സംഘടനകളുമായി ആശയവിനിമയത്തിനും ചർച്ചയ്ക്കും സ്ഥിരം സംവിധാനമുണ്ടാക്കും. ഡയസ്നോൺ പിൻവലിക്കുന്നതിൽ നിയമപരമായി തീരുമാനമെടുക്കും. അതുവരെ നടപടി നിർത്തിവയ്ക്കും.
തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ജാസ്മിൻബാനുവിനെ സസ്പെൻഡ് ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർസമരങ്ങളിൽ സംഘടനാ പ്രസിഡന്റ് എം ജി സുരേഷ്കുമാർ, ജനറൽ സെക്രട്ടറി ബി ഹരികുമാർ എന്നിവരെയും സസ്പെൻഡ് ചെയ്തു. ഇതോടെയാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. ചർച്ചയിൽ സിഎംഡി ഡോ. ബി അശോക്, ഫിനാൻസ് ഡയറക്ടർ വി ആർ ഹരി, സംഘടനാ ഭാരവാഹികളായ എം ജി സുരേഷ്കുമാർ, ബി ഹരികുമാർ, ഷൈൻരാജ് എന്നിവർ പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/aAxWJ5E
Comments