ഗൂഢാലോചന അന്വേഷിക്കാൻ 12 അംഗ പ്രത്യേക സംഘം
തിരുവനന്തപുരം
നാട്ടിൽ കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും പി സി ജോർജും നടത്തിയ ഗൂഢാലോചന പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി ഷേഖ് ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്റെ നേതൃത്വത്തിൽ 12 അംഗ സംഘം ഇതിനായി രൂപീകരിച്ചു. മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും തന്നെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കെ ടി ജലീൽ എംഎൽഎയുടെ പരാതിയിൽ ബുധനാഴ്ചയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
കണ്ണൂർ സിറ്റി അഡീ. എസ്പി പി പി സദാനന്ദൻ, ഡിവൈഎസ്പിമാരായ അമ്മിണിക്കുട്ടൻ (കോട്ടയം ക്രൈംബ്രാഞ്ച്), സി എ അബ്ദുൾ റഹീം(കാസർകോട്), ടി ആർ സന്തോഷ് (തൃശൂർ), കെ കെ അബ്ദുൾ ഷെരീഫ് (ബത്തേരി), എസിപിമാരായ ബി അനിൽകുമാർ(തിരുവനന്തപുരം സിറ്റി), വി കെ രാജു (തൃശൂർ സിറ്റി), എ അഭിലാഷ് (കൊച്ചി), പി രാജ്കുമാർ(എറണാകുളം സബ് ഡിവിഷൻ), കെ സി സേതു(ഒല്ലൂർ സബ്ഡിവിഷൻ), വടക്കാഞ്ചേരി സിഐ എ അഹമ്മദ്ഖാൻ എന്നിവരാണ് സംഘത്തിലുള്ളത്. അന്വേഷകസംഘം അടുത്ത ദിവസം യോഗം ചേരും.
സ്വപ്ന സുരേഷ് ഒന്നാം പ്രതിയും ജോർജ് രണ്ടാം പ്രതിയുമാണ്. ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവന എന്നീ കുറ്റങ്ങൾ ചുമത്തി. പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് സംസ്ഥാന പൊലീസ് മേധാവി പ്രത്യേകാന്വേഷക സംഘത്തെ നിയോഗിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/XL0Zkcz
Comments