സർക്കസ്‌ കുലപതിക്ക്‌ ഇന്ന്‌ 99

തലശേരി
തമ്പിൽ വിസ്മയങ്ങൾ തീർത്ത സർക്കസ് കുലപതി ജെമിനി ശങ്കരന് തിങ്കളാഴ്ച 99–-ാം പിറന്നാൾ. ആശംസനേരാൻ കുടുംബാംഗങ്ങൾ വൈകിട്ട് കണ്ണൂർ പാംഗ്രൂവ് ഹോട്ടലിൽ ഒത്തുചേരും. ഈ പ്രായത്തിലും കർമനിരതനാണ് ഗാന്ധിയനായ ശങ്കരേട്ടൻ. പുഞ്ചിരിയോടെ എല്ലാവരോടും സ്നേഹസൗഹൃദം പങ്കിടാൻ വാരത്തെ വീട്ടിലുണ്ട് അദ്ദേഹം.

കൊളശേരിയിലെ സ്കൂൾ അധ്യാപകനായിരുന്ന പരേതരായ രാമൻനായരുടെയും മൂർക്കോത്ത് കല്യാണിയമ്മയുടെയും മകനായി 1924 ജൂൺ 13നാണ് എം വി ശങ്കരന്റെ ജനനം. ആധുനിക ഇന്ത്യൻ സർക്കസിന്റെ പിതാവ് കീലേരി കുഞ്ഞിക്കണ്ണന്റെ ശിഷ്യത്വം സ്വീകരിച്ച് കളരിയിലിറങ്ങിയ ശങ്കരന് സർക്കസിലും ജീവിതത്തിലും കണക്ക് പിഴച്ചിട്ടില്ല. സർക്കസിന്റെ ഈറ്റില്ലമായ തലശേരിയിൽനിന്നാണ് തമ്പിന്റെ വിസ്മയലോകത്തേക്കുള്ള വരവ്. അഞ്ച് വർഷം ട്രപ്പീസ് താരമായിരുന്നു. പിന്നീട് ജെമിനി, ജംബോ സർക്കസിന്റെ സ്ഥാപകനായി. സർക്കസ് സംഘവുമായി സഞ്ചരിക്കാത്ത നഗരങ്ങളില്ല. ഇന്ത്യൻ സർക്കസിന്റെ അംബാസിഡറായി ഒട്ടേറെ വിദേശരാജ്യങ്ങളും സന്ദർശിച്ചു. മോസ്കോ ഇന്റർനാഷണൽ സർക്കസ് ഷോയിൽ പങ്കെടുക്കാൻ രാജ്യം നിയോഗിച്ച പന്ത്രണ്ടംഗസംഘത്തിലും അംഗമായി.

രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ വയർലെസ് വിഭാഗത്തിൽ നാലു കൊല്ലം സേവനമനുഷ്ഠിച്ചു. മടങ്ങിയെത്തിയത് കീലേരിയുടെ ശിഷ്യൻ എം കെ രാമന്റെ ചിറക്കരയിലെ സർക്കസ് കളരിയിലേക്ക്. ഒരു വർഷം അഭ്യാസമുറകൾ പഠിച്ചശേഷം കൊൽക്കത്തയിലെ ബോസ് ലയൺ സർക്കസിൽ അരങ്ങേറ്റം. പിന്നീട്, സുഹൃത്ത് സഹദേവനുമായി ചേർന്ന് മഹാരാഷ്ട്രയിലെ വിജയ് സർക്കസ് കമ്പനി വിലയ്ക്കുവാങ്ങി. 1951 ആഗസ്ത് 15ന് ഗുജറാത്തിലെ സൂറത്തിനടുത്ത ബില്ലിമോറയിൽനിന്നാണ് സർക്കസ് കമ്പനിയുമായി യാത്ര തുടങ്ങിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/tSUBKWH

Comments

Archive

Contact Form

Send