ദുർഗാവാഹിനി നേതാവിന്റെ മകന്റെ പിടിച്ചുപറി കേസ്; ഹവാലബന്ധം പ്രത്യേകം അന്വേഷിക്കും
കൊല്ലം > സംഘപരിവാർ സംഘടനയായ ദുർഗാവാഹിനി സംസ്ഥാന കോ–-ഓർഡിനേറ്റർ രോഷ്നി ലതീബിന്റെ മകൻ റിതുലാൽ പ്രതിയായ പിടിച്ചുപറിക്കേസ് പൊലീസ് പ്രത്യേകം അന്വേഷിക്കും. പ്രതികളുടെ ഹവാല ബന്ധത്തിന്റെ സൂചനകളെത്തുടർന്നാണിത്. പ്രതികളുടെ ഫോൺ വിവരങ്ങളും വിശദമായി പരിശോധിക്കും.
ഇവരുടെ അഞ്ചുഫോണും രണ്ട് കാറും പൊലീസ് കസ്റ്റഡിയിലാണ്. കൊല്ലം കടയ്ക്കൽ മാങ്കോട് എരപ്പേൽ വീട്ടിൽ ഭരത്ചന്ദ്രനെ റിതുലാലും സംഘവും ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ചെന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നുമാണ് കേസ്.
ഹവാലബന്ധം പുറത്തുവന്നതോടെ പ്രതികൾക്കുവേണ്ടി ഇതുവരെ ഹാജരായ യുവമോർച്ച മുൻ ജില്ലാ പ്രസിഡന്റുകൂടിയായ അഭിഭാഷകൻ ആർ എസ് പ്രശാന്ത് വക്കാലത്ത് ഒഴിഞ്ഞു.
റിതുലാൽ, വർക്കല ഇടവ മാന്തറ മാന്തറവിളയിൽ ഷാലൻ, ഇടവ പാറയിൽ നജീമാ മൻസിലിൽ ദിൽഷാദ്, തലശേരി പന്തക്കപ്പാറ എരുവാട്ടി ഷംസിനാ മൻസിലിൽ ദിൽഷാദ്, തലശേരി എരഞ്ഞോളി ചുങ്കം കാരായി ഹൗസിൽ അശ്വിൻ എന്നിവർ കൊട്ടാരക്കര സബ് ജയിലിലാണ്. രണ്ടു പ്രതികൾക്ക് എസ്ഡിപിഐ ബന്ധമുണ്ട്. ഒളിവിലുള്ള ആർഎസ്എസ് പ്രവർത്തകൻ മാഹി വിടിസി പന്തക്കൽ കാട്ടുകുന്നത്ത് വീട്ടിൽ മഹേഷിനായി അന്വേഷണം ഊർജിതമാക്കി. ഇയാൾ നിരവധി കേസിൽ പ്രതിയാണ്.
Credits Kerala || Deshabhimani Online News https://ift.tt/QVReFw0
Comments