രാജ്യസഭാ തെരഞ്ഞെടുപ്പ് : റിസോർട്ടിൽ ഒളിച്ച് കോൺഗ്രസ് ; അജയ് മാക്കന് മത്സരം കടുക്കും
ന്യൂഡൽഹി
രാജ്യസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഹരിയാനയിലും രാജസ്ഥാനിലും കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. ഹരിയാന എംഎൽഎമാരെ ബുധനാഴ്ച ഛത്തീസ്ഗഢിലെ റായ്പുരിലേക്കും രാജസ്ഥാനിലെ എംഎൽഎമാരെ ചിന്തൻ ശിബിരം നടന്ന ഉദയ്പുരിലെ റിസോർട്ടിലേക്കും മാറ്റി. മത്സരം ഉറപ്പായ മഹാരാഷ്ട്രയിലും കർണാടകത്തിലും നേതാക്കൾ പറ്റിയ റിസോർട്ട് അന്വേഷിച്ചുതുടങ്ങി. ഹരിയാനയിൽ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലാണ് എംഎൽഎമാരെ മാറ്റിയത്. ഡൽഹിയിൽനിന്ന് വിമാനമാർഗമാണ് റായ്പുരിലേക്ക് കൊണ്ടുപോയത്. 27 എംഎൽഎമാർ അടക്കം 37 പേർ സംഘത്തിലുണ്ട്. ഭൂപീന്ദർ സിങ്ങിന്റെ മകൻ ദീപേന്ദർ ഹൂഡയും വിവേക് ബൻസാലും ഒപ്പമുണ്ട്. രാജ്യസഭാ സീറ്റ് കിട്ടാത്ത കുൽദീപ് ബിഷ്ണോയ് സംഘത്തിലില്ല. എംഎൽഎമാരായ കിരൺ ചൗധരി, ചിരഞ്ജീവ് റാവു എന്നിവർ പിന്നീടെത്തുമെന്ന് ബൻസാൽ പറഞ്ഞു. റാവു ഷിംലയിൽ ജന്മദിന ആഘോഷത്തിലാണ്. ചിന്തൻ–- പ്രശിക്ഷൺ ശിബിരത്തിൽ പങ്കെടുക്കാനാണ് എംഎൽഎമാരുടെ റായ്പുർ യാത്രയെന്നാണ് കോൺഗ്രസ് വിശദീകരണം.
അജയ് മാക്കന്
മത്സരം കടുക്കും
ഹരിയാനയിൽ 31 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഈ വോട്ട് ഉറപ്പാക്കിയാൽ മാത്രമേ രാജ്യസഭാ സ്ഥാനാർഥി അജയ് മാക്കന് ജയിക്കാനാകൂ. ഒഴിവുള്ള രണ്ട് സീറ്റിൽ ബിജെപിയുടെ കൃഷൻ പൻവർ ജയം ഉറപ്പാക്കി. രണ്ടാമത്തെ സീറ്റിൽ അജയ് മാക്കന് എതിരാളിയായി സ്വതന്ത്ര സ്ഥാനാർഥി കാർത്തികേയ ശർമയാണ്.
ബിജെപി 10 വോട്ട് ഉറപ്പുനൽകിയിട്ടുണ്ട്. ന്യൂസ്എക്സ് ടിവി ചാനൽ ഉടമയായ ശർമ 10 എംഎൽഎമാരുള്ള ജെജെപിയുടെയും ആറ് സ്വതന്ത്ര എംഎൽഎമാരും ഒരു എംഎൽഎയുള്ള ഹരിയാന ലോക്ഹിത് പാർടിയുടെയും പിന്തുണ ഉറപ്പിച്ചു. മുൻ കോൺഗ്രസ് നേതാവ് വിനോദ് ശർമയുടെ മകനായ കാർത്തികേയ ശർമ ഹരിയാന കോൺഗ്രസിലെ ഹൂഡ വിരുദ്ധരുടെ പിന്തുണ പ്രതീക്ഷിക്കുന്നു.
ഉദയ്പുരിലെ താജ് റിസോർട്ടിലേക്കാണ് രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരെ മാറ്റുന്നത്. എംഎൽഎമാർ ബുധനാഴ്ച മുതൽ റിസോർട്ടിൽ എത്തിത്തുടങ്ങി. സീ ടിവി ഉടമ സുഭാഷ് ചന്ദ്ര സ്വതന്ത്ര സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്തതോടെയാണ് രാജസ്ഥാനിൽ പോരാട്ടം മുറുകിയത്. കോൺഗ്രസിന്റെ മൂന്നാമത്തെ സ്ഥാനാർഥിയായ പ്രമോദ് തിവാരിക്കാണ് ചന്ദ്ര വെല്ലുവിളി.
Credits National || Deshabhimani Online News https://ift.tt/mBvruo1
Comments