ഡൊമിനിക് പ്രസന്റേഷനെ പുറത്താക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി
കൊച്ചി > തൃക്കാക്കരയിൽ ഉമ തോമസിനെ സ്ഥാനാർഥിയാക്കിയതോടെ കോൺഗ്രസിൽ ഉയർന്ന പ്രതിഷേധം ആഹ്ലാദപ്രകടനം തീരുംമുമ്പ് വീണ്ടും തുറന്നപോരിലേക്ക്. യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷനെതിരെ കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് ആണ് കലാപക്കൊടി ഉയർത്തിയത്. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പിന്തുണയോടെയാണ് ഈ നീക്കം. ഉമ തോമസിനെ തോൽപ്പിക്കാൻ ശ്രമിച്ച ഡൊമിനിക് പ്രസന്റേഷനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അബ്ദുൾ മുത്തലിബ് കെപിസിസി പ്രസിഡന്റിന് പരാതി നൽകി. അപമാനിച്ച് പുറത്താക്കുമെന്ന് ഉറപ്പായതോടെ, ഡൊമിനിക് പ്രസന്റേഷൻ രാജിസന്നദ്ധതയും അറിയിച്ചു.
ഡൊമിനിക്കിന് തൃക്കാക്കരയിൽ സ്ഥാനാർഥിയാകാൻ ആഗ്രഹമുണ്ടായിരുന്നു. ഉമ തോമസിനെ പ്രഖ്യാപിക്കുംമുമ്പും ശേഷവും നടത്തിയ പരാമർശങ്ങൾ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതായിരുന്നു. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കുകയോ സ്വയം മാറിനിൽക്കുകയോ വേണമെന്നാണ് ശനി വൈകിട്ട് നൽകിയ പരാതിയിൽ പറയുന്നത്.
പാർടിയിലും മുന്നണിയിലും ചർച്ച ചെയ്യാതെ വി ഡി സതീശനും കെ സുധാകരനും ഉമ തോമസിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ച ഉടൻ പരസ്യപ്രതിഷേധവുമായി രംഗത്തുവന്നയാളാണ് മുൻ എംഎൽഎയും എ ഗ്രൂപ്പ് നേതാവുമായ ഡൊമിനിക് പ്രസന്റേഷൻ. പി ടി തോമസ് കുടുംബവാഴ്ചയ്ക്ക് എതിരായിരുന്നുവെന്നും സാമൂഹികസാഹചര്യങ്ങൾ നോക്കാതെ സ്ഥാനാർഥിയെ നിശ്ചയിക്കരുതെന്നും അന്ന് ഡൊമിനിക് ചാനലുകളിൽ പ്രതികരിച്ചിരുന്നു.
എ ഗ്രൂപ്പിലെ ബെന്നി ബഹനാൻ കെപിസിസി രാഷ്ട്രീയകാര്യസമിതിയിലും ഇതേ ആവശ്യം ഉന്നയിച്ചു. അന്നേ എ ഗ്രൂപ്പിനെ ഭിന്നിപ്പിക്കാൻ നോട്ടമിട്ട സതീശൻ, വോട്ടെണ്ണൽവരെ കാത്തിരിക്കുകയായിരുന്നു. വോട്ടെണ്ണലിനു പിറ്റേന്നുതന്നെ വിശ്വസ്തനായ അബ്ദുൾ മുത്തലിബിനെക്കൊണ്ട് പരാതി കൊടുപ്പിക്കുകയായിരുന്നു.
സതീശനോട്
ചോദിക്കൂ: ഡൊമിനിക്
അബ്ദുൾ മുത്തലിബിന്റെ പരാതിയെക്കുറിച്ച് തനിക്കറിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയട്ടെയെന്നും ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു. പരാതിയെക്കുറിച്ച് താൻ പറയില്ല. രാജിസന്നദ്ധത അറിയിച്ചോ എന്ന ചോദ്യത്തിന്, അതും സതീശൻ പറയട്ടെ എന്നായിരുന്നു ഡൊമിനിക്കിന്റെ മറുപടി.
യോഗം വിളിക്കാൻ
അനുവദിക്കില്ലെന്ന് മുത്തലിബ്
ഉമ തോമസിന്റെ ചീഫ് ഇലക്ഷൻ ഏജന്റുകൂടിയായ ഡൊമിനിക് പ്രസന്റേഷൻ യുഡിഎഫ് യോഗം വിളിക്കാതിരിക്കാനാണ് പരാതി നൽകിയതെന്ന് മുത്തലിബ് പറഞ്ഞു. ഡൊമിനിക്കിന് സ്ഥാനാർഥിയാകാൻ ആഗ്രഹമുണ്ടായിരുന്നു. ഉമ സ്ഥാനാർഥിയാകുംമുമ്പുതന്നെ, പി ടി തോമസ് കുടുംബവാഴ്ചയ്ക്ക് എതിരാണെന്നും പിന്നീട് സഹതാപതരംഗം ഉണ്ടാകില്ലെന്നും സാമൂഹികസാഹചര്യങ്ങൾ നോക്കണമെന്നും ഡൊമിനിക് പറഞ്ഞു.
വോട്ടെടുപ്പ് കഴിഞ്ഞശേഷം പറഞ്ഞത് അയ്യായിരത്തിനടുത്തുമാത്രമായിരിക്കും ഭൂരിപക്ഷം എന്നാണ്. ഉമ്മൻചാണ്ടിയടക്കമുള്ളവർ സജീവമായി പ്രവർത്തിക്കുമ്പോഴാണിത് - അബ്ദുൾ മുത്തലിബ് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/9xZMQjb
Comments