എച്ച്‌ആർഡിഎസ് ‘മോദി വീടു’കൾ ഉപയോഗശൂന്യം ; ആദിവാസി ഫണ്ട് തട്ടിയതിനും കേസ്
പാലക്കാട്
അട്ടപ്പാടിയിൽ ആദിവാസികൾക്കായി എച്ച്ആർഡിഎസ് (ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി) നിർമിച്ചു നൽകിയ വീടുകൾ ഉപയോഗശൂന്യം. വന്യമൃഗങ്ങൾ ഇറങ്ങുന്ന മേഖലയിൽ ഉറപ്പില്ലാത്ത വീടുകൾ ജീവന് ഭീഷണിയായതിനാൽ ഭൂരിഭാഗത്തിനും കെട്ടിട നമ്പർ നൽകിയിട്ടില്ല. അട്ടപ്പാടിയിൽ മുന്നൂറോളം വീടുകളാണ് ഇത്തരത്തിൽ നിർമിച്ചത്. രണ്ട് മുറിയും ഹാളും ശുചിമുറിയുമുള്ള വീടിന് അടുക്കളയില്ല. തൂണുകൾ ആസ്ബസ്റ്റോസ് പൈപ്പ്, മേൽക്കൂര ഷീറ്റ്, ഫൈബർ സിമന്റ് ബോർഡ് കൊണ്ട് ചുവർ. വന്യമൃഗങ്ങൾ ഒന്നു തട്ടിയാൽ വീട് തകരും. ഷോളയൂർ പഞ്ചായത്തിൽ 192 എണ്ണം നിർമിച്ചു. ഇവയിൽ 22 എണ്ണത്തിന് മാത്രമാണ് വീട്ടുനമ്പർ ലഭിച്ചത്. വൈദ്യുതിയും കുടിവെള്ളവുമില്ലാത്ത കുന്നിൻ പ്രദേശത്തും വനത്തിനകത്തും നിർമിച്ച നൂറോളം വീടുകൾ ഉപയോഗശൂന്യമായി.
അട്ടപ്പാടി വട്ട്ലക്കിയിലെ ഗുണഭോക്താവ് ഇത് സംബന്ധിച്ച് പരാതി നൽകാനൊരുങ്ങുകയാണ്. വീടിനൊപ്പം വൈദ്യുതി, ഫാൻ, ടിവി എന്നിവ നൽകുമെന്ന് പറഞ്ഞ് പറ്റിച്ചു. മൂന്നര മുതൽ അഞ്ചര ലക്ഷം രൂപവരെയാണ് ഓരോ വീടിനും ചെലവ് കണക്കാക്കിയത്. എന്നാൽ മൂന്നര ലക്ഷം രൂപയ്ക്ക് സ്വകാര്യവ്യക്തിക്ക് ഉപകരാർ നൽകി. പണം പൂർണമായി നൽകാതെ കരാറുകാരനെയും എച്ച്ആർഡിഎസ് വഞ്ചിച്ചു. ഇതുസംബന്ധിച്ചും പരാതിയുണ്ട്. ‘മോദി വീട്’ എന്ന പേരിൽ കേന്ദ്ര സർക്കാർ ആദിവാസികൾക്ക് നൽകുന്ന സമ്മാനമണെന്നാണ് പ്രചാരണം.
പട്ടികജാതി–- വർഗ
കമീഷനിൽ കേസ്
ഫണ്ട് തട്ടിപ്പിന് പൂർണമായും ആർഎസ്എസ് നിയന്ത്രണത്തിലുള്ള എച്ച്ആർഡിഎസിനെതിരെ പട്ടികജാതി–- വർഗ കമീഷൻ കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ ആദിവാസികളുടെ 55 ഏക്കർ സ്ഥലം വാക്കാൽ കരാറിനെടുത്തതായും ആരോപണമുണ്ട്. ആദിവാസി ഭൂമി മറ്റുള്ളവർക്ക് ഉപയോഗിക്കാൻ അവകാശമില്ല.
Credits Kerala || Deshabhimani Online News https://ift.tt/me5qPhU
Comments