സ്വകാര്യമേഖലയെ ഉപയോഗപ്പെടുത്തുന്നത്‌ 
പൊതുമേഖല ശക്തിപ്പെടുത്താൻ: കോടിയേരി ബാലകൃഷ്‌ണൻ


തിരുവനന്തപുരം
കേരളത്തിന്റെ വികസനം സാധ്യമാക്കാൻ സ്വകാര്യ മൂലധനത്തെക്കൂടി ആശ്രയിക്കേണ്ടിവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള വികസനം കേന്ദ്രഫണ്ടിനെമാത്രം ആശ്രയിച്ച് സാധ്യമാകില്ല. കേരളത്തിനകത്തുനിന്ന് പരമാവധി വിഭവം സമാഹരിക്കണം. അത് സാധ്യമാകണമെങ്കിൽ സ്വകാര്യ മൂലധനത്തെക്കൂടി ആശ്രയിക്കേണ്ടിവരും.

സ്വകാര്യമേഖലയെ എൽഡിഎഫ് സർക്കാർ ഉപയോഗിക്കുന്നത് പൊതുമേഖലയെ ശക്തിപ്പെടുത്താനാണ്. എന്നാൽ, കോൺഗ്രസും ബിജെപിയും പൊതുമേഖലയെ സ്വകാര്യമേഖലയിലേക്ക് മാറ്റാനാണ് സ്വകാര്യമൂലധനം ഉപയോഗിക്കുന്നത്. ഈ വ്യത്യാസമാണ് നമ്മുടെ ബദലെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസ് അക്കാദമിയിൽ സംഘടിപ്പിച്ച നവകേരള ശിൽപ്പശാലയുടെ സമാപനച്ചടങ്ങിൽ ക്രോഡീകരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.


നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങൾ നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് അവ സ്ഥാപിച്ചത്. ഇത്തരം സ്ഥാപനങ്ങൾ ഏതെല്ലാം മേഖലകളിൽ സാധിക്കും എന്നത് പരിശോധിക്കണം. അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല, പാവപ്പെട്ടവർക്കും ആശ്വാസമെത്തിക്കുകകൂടിയാണ് ഇടതുപക്ഷത്തിന്റെ വികസനകാഴ്ചപ്പാട്. അതിനാലാണ് 600 രൂപയായിരുന്ന പെൻഷൻ 1600ൽ എത്തിച്ചത്. പ്രാഥമിക ബാങ്കുകളും തദ്ദേശസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം. അങ്ങനെ വന്നാൽ പ്രാദേശിക വികസനത്തിൽ നല്ല നിലയിൽ മുന്നോട്ടുപോകാനാകും. തദ്ദേശസ്ഥാപനങ്ങളും നിയമസഭാ മണ്ഡലങ്ങളും അടിസ്ഥാനമാക്കിയുള്ള വികസനപദ്ധതികൾ വേണം.

കേരളത്തിന്റെ ഭാവിവികസനം ഉറപ്പുവരുത്താനുള്ള പദ്ധതികളാണ് വികസനരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് നടപ്പാക്കാനായാൽ വികസിത കേരളമായി സംസ്ഥാനത്തെ മാറ്റാൻ കഴിയും. എന്നാൽ, പദ്ധതികൾ നടപ്പാക്കാൻ എതിരാളികൾ എളുപ്പത്തിൽ സമ്മതിക്കില്ല. കുത്തക മാധ്യമങ്ങളും അവർക്കുവേണ്ടി അണിനിരന്നിട്ടുണ്ട്. എല്ലാ വികസനപദ്ധതികളെയും ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടുത്താൻ അവർ ശ്രമിക്കും. അതിനായി അക്രമം അഴിച്ചുവിടും. മുഖ്യമന്ത്രിയെവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കും. അരാജകത്വമാണ് അവർ ഉദ്ദേശിക്കുന്നത്. ജനങ്ങളെ അണിനിരത്തി ഈ പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് മുന്നോട്ടുപോകാനാകണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ അധ്യക്ഷനായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/5HpsCGL

Comments

Archive

Contact Form

Send