ക്രഡിറ്റടിക്കാൻ സതീശൻ; നടക്കില്ലെന്ന് നേതാക്കൾ
തിരുവനന്തപുരം > തൃക്കാക്കരയിലെ വിജയത്തോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കേന്ദ്രീകരിച്ച് കോൺഗ്രസിൽ പുതിയ ധ്രുവീകരണം. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ ക്രഡിറ്റും സതീശനാണെന്ന് വരുത്താനുള്ള പി ആർ വർക്കിനെതിരെ കോൺഗ്രസിൽനിന്നുതന്നെ മുറുമുറുപ്പുയർന്നു. എംപിമാരും എംഎൽഎമാരും അടക്കമുള്ള ഏതാനും യുവനിര നേതാക്കൾ സതീശനെ വാഴ്ത്തി രംഗത്തെത്തിയതിൽ കെപിസിസി പ്രചാരണസമിതി ചെയർമാൻ കെ മുരളീധരനടക്കമുള്ളവർ അസ്വസ്ഥത പ്രകടമാക്കി.
ഉമ തോമസിന്റെ വിജയത്തേക്കാൾ സതീശന്റെ മികവ് ഉയർത്തിക്കാട്ടാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. പ്രചാരണതന്ത്രം മെനയുന്നതിലും അണിയറ പ്രവർത്തനത്തിലും സതീശൻ വഹിച്ച പങ്കിനെക്കുറിച്ചാണ് കോൺഗ്രസിൽ ചർച്ച. എറണാകുളം എംപി ഹൈബി ഈഡനാണ് ഇതിന് തുടക്കമിട്ടത്. നേരത്തേ എ, ഐ ഗ്രൂപ്പുകളിലായിരുന്ന പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ടി സിദ്ദിഖ്, സി ആർ മഹേഷ്, റോജി എം ജോൺ തുടങ്ങിയ യുവനിര എംഎൽഎമാർ ഒന്നടങ്കം സതീശന് പിന്നിൽ അണിനിരന്നു. എ കെ ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളെയും കെ സി ജോസഫ്, ബെന്നി ബഹനാൻ തുടങ്ങിയ ഗ്രൂപ്പ് മാനേജർമാരെയും അരുക്കാക്കിയാണ് സതീശന്റെ നേതൃത്വത്തിലുള്ള പുതിയ നേതൃചേരിയുടെ നീക്കം. സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ചേർന്ന പുതിയ നേതൃചേരിയായിരുന്നു നേരത്തേ സജീവം. ഉമ തോമസിനെ തൃക്കാക്കരയിൽ സ്ഥാനാർഥിയാക്കിയതും ഈ അച്ചുതണ്ടാണ്. ഗത്യന്തരമില്ലാതെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും സ്ഥാനാർഥിത്വത്തിന് സമ്മതം മൂളിയെന്നേയുള്ളൂ. എന്നിട്ടും ചില മുറുമുറുപ്പുകൾ പാർടിയിൽ ഉയർന്നിരുന്നു.
കെ സുധാകരൻ അവസാന ഘട്ടത്തിൽ തൃക്കാക്കര പ്രചാരണ രംഗത്തുനിന്ന് പിൻവാങ്ങിയതോടെ കാര്യങ്ങൾ പൂർണമായും സതീശന്റെ നിയന്ത്രണത്തിലായി. ഈ അവസരം മുതലെടുത്താണ് സതീശൻപക്ഷം കരുക്കൾ നീക്കിയത്. താൻ മുന്നണിപ്പോരാളിയാണെന്ന സതീശന്റെ അവകാശവാദത്തെയാണ് കെ മുരളീധരൻ പരോക്ഷമായി ചോദ്യം ചെയ്തത്. കെ മുരളീധരൻ വെട്ടിത്തുറന്നു പറഞ്ഞെങ്കിലും ആ വികാരം രഹസ്യമായി പങ്കുവയ്ക്കുന്ന നിരവധി നേതാക്കളുണ്ട്. സതീശന്റെ അപ്രമാദിത്വം പലർക്കും സഹിച്ചിട്ടില്ലെന്ന് വ്യക്തം.
സതീശൻപക്ഷവും എതിരാളികളും അധികം വൈകാതെ നേർക്കുനേർ വരുമെന്നാണ് സൂചന. ‘താൻ മുന്നണിപ്പോരാളിയാണെന്നും യുദ്ധം ചെയ്യുമ്പോൾ പിന്നിലേക്ക് പോകില്ല’ എന്നിങ്ങനെയുള്ള സതീശന്റെ വാദമുഖങ്ങൾ തങ്ങൾക്കെതിരായ കുത്തുവാക്കുകളാണെന്നാണ് എതിർചേരിയുടെ നിരീക്ഷണം. ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ് വിജയമെന്ന് സതീശനും ഹൈബി ഈഡനും കെ മുരളീധരൻ മറുപടി നൽകിയതും ശ്രദ്ധേയമായി.
Credits Kerala || Deshabhimani Online News https://ift.tt/wHXpj4Z
Comments