ബിജെപിക്ക് വഴങ്ങിയില്ല ; സഞ്ജയ് റാവത്ത് ഇഡി കസ്‌റ്റഡിയിൽ ; നടപടി 12 വർഷം പഴക്കമുള്ള കേസിൽ
ന്യൂഡൽഹി
മഹാരാഷ്ട്രയില് മഹാ വികാസ് അഖാഡി സർക്കാർ വീണ് ഒരു മാസം പിന്നിടവെ, ശിവസേനയില് ഉദ്ദവ് താക്കറെയ്ക്കൊപ്പം ഉറച്ചുനിന്ന ബിജെപിയുടെ തീവ്രവിമർശകനായ രാജ്യസഭാംഗം സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിലെടുത്തു. കള്ളപ്പണം വെളുപ്പിച്ചെന്ന 12 വർഷം പഴക്കമുള്ള കേസിലാണ് നടപടി.
ഞായർ രാവിലെ വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് റാവത്തിന്റെ ബാൻഡുപ്പിലുള്ള വസതിയിൽ ഇഡി സംഘം എത്തിയത്. മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് വൈകിട്ട് അഞ്ചോടെ കസ്റ്റഡിയിലെടുത്ത് മുംബൈ ഇഡി ഓഫീസിലെത്തിച്ചു. ജൂലൈ ഒന്നിന് ഇഡി റാവത്തിനെ 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കള്ളക്കേസും വ്യാജ തെളിവുകളുമാണ് ഇഡി കൈവശമുള്ളതെന്നും തലപോയാലും കേന്ദ്രത്തിന് കീഴടങ്ങില്ലെന്നും സഞ്ജയ് റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇഡി നടപടി പാർടിയെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് ശിവസേന ആരോപിച്ചു. റെയ്ഡ് വിവരമറിഞ്ഞ് നൂറുകണക്കിന് ശിവസേന പ്രവർത്തകർ വസതിയിലേക്കെത്തി. റാവത്തിന്റെ വീട്ടിൽ ‘ഇഡി അതിഥികൾ’ എത്തിയെന്നും അറസ്റ്റ് ചെയ്തേക്കാമെന്നും ഉദ്ദവ് താക്കറെ രാവിലെ പറഞ്ഞിരുന്നു.
ശിവസേന പിളര്ത്തി ബിജെപിക്ക് ഒപ്പംചേര്ന്ന് ഏക് നാഥ് ഷിന്ഡെ പുതിയ സര്ക്കാരുണ്ടാക്കിയപ്പോള്, സഞ്ജയ് റാവത്തിനെയും മറുകണ്ടം ചാടിക്കാന് ശ്രമമുണ്ടായി. എന്നാല് ഉദ്ദവിനൊപ്പം നില്ക്കുമെന്ന് പ്രഖ്യാപിച്ച റാവത്ത് ബിജെപി നേതൃത്വത്തെ കൂടുതല് ശക്തിയോടെ വിമര്ശിച്ചു.പിന്നാലെയാണ് 12 വര്ഷം മുമ്പുള്ള കേസുമായി ഇഡി രംഗപ്രവേശം ചെയ്തത്.
കേസ് ഇങ്ങനെ
2008 ൽ പത്രചൗളിലെ 672 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിക്കാൻ മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയും താമസക്കാരുടെ സൊസൈറ്റിയും ചേർന്ന് പ്രവീൺ റാവത്ത് എന്നയാള് ഡയറകട്റായ കമ്പനിയുമായി കരാർ ഒപ്പിട്ടു. ആകെ 47 ഏക്കറില് ഫ്ലാറ്റുകൾ നിർമിച്ച ശേഷമുള്ള പ്രദേശം സ്വകാര്യസ്ഥാപനങ്ങള്ക്ക് കൈമാറാമെന്നായിരുന്നു വ്യവസ്ഥ.
ഫ്ലാറ്റ് നിർമിക്കാതെ കമ്പനി സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്ഥലം കൈമാറിയെന്നും 1,039.79 കോടി സമാഹരിച്ചെന്നുമാണ് കേസ്. സജ്ജയ് റാവത്തിന്റെ ഭാര്യ വർഷയുടെ അക്കൗണ്ടിലേയ്ക്ക് പ്രവീൺ 83 ലക്ഷം കൈമാറിയെന്നും ഇ ഡി ആരോപിക്കുന്നു. വർഷയുടെ പേരിലുള്ള ദാദറിലെ ഫ്ലാറ്റ് ഇഡി കണ്ടുകെട്ടി. 2010ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Credits National || Deshabhimani Online News https://ift.tt/8vBTiW7
Comments