മഹാരാഷ്ട്രയിൽ 53 ശിവസേന എംഎൽഎമാർക്കും കാരണം കാണിക്കൽ നോട്ടീസ് ; ഷിൻഡെ, ഉദ്ധവ് പക്ഷത്തിന്റെ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി
മഹാരാഷ്ട്രയിലെ അധികാരത്തർക്കത്തിന്റെ തുടർച്ചയായി ശിവസേനയുടെ 55 എംഎൽഎമാരിൽ 53 പേർക്കും നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി കാരണംകാണിക്കൽ നോട്ടീസ് നൽകി. ഏക്നാഥ് ഷിൻഡെ പക്ഷത്തെ 39 എംഎൽഎമാർക്കും ഉദ്ധവ്താക്കറെ പക്ഷത്തെ 14 എംഎൽഎമാർക്കുമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം. ഇത്രയും അധികം എംഎൽഎമാർക്ക് ഒരുമിച്ച് കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുന്നത് മഹാരാഷ്ട്ര നിയമസഭാചരിത്രത്തിൽ ആദ്യം.
ഇരുപക്ഷവും പരസ്പരം ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കാരണംകാണിക്കൽ നോട്ടീസ് നൽകുന്നത്. മൂന്ന്, നാല് തീയതികളിൽ നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിലും വിശ്വാസവോട്ടിലും വിപ്പ് ലംഘിച്ചതിനാൽ ഷിൻഡെ പക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ഉദ്ധവ്പക്ഷവും ഉദ്ധവ്പക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് താക്കറെപക്ഷവും ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഷിൻഡെപക്ഷം ഉദ്ധവിന്റെ മകൻ ആദിത്യതാക്കറെയ്ക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടില്ല.
തിങ്കളാഴ്ച സുപ്രീംകോടതി ഷിൻഡെ പക്ഷത്തിന്റെയും ഉദ്ധവ്താക്കറെ പക്ഷത്തിന്റെയും ഹർജികൾ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/MTplhcB
Comments