ഹൈദരാബാദ്‌ ചർച്ചയിൽ കേരളമില്ല ; ‘6 മണ്ഡലം’ ബിജെപി തള്ളുമാത്രം


തിരുവനന്തപുരം
ബിജെപി ദേശീയ നേതൃത്വം കേരളത്തിലെ ആറ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന് നിർദേശം വച്ചത് പാർലമെന്ററി കമ്മിറ്റി. ഹൈദരാബാദിൽ നടന്ന ദേശീയ നിർവാഹക സമിതി കേരളത്തിലെ സീറ്റുകൾ സംബന്ധിച്ച് ചർച്ച നടത്തിയില്ല. തെലങ്കാനയും തമിഴ്നാടും കേന്ദ്രീകരിക്കാനാണ് തീരുമാനം. കേരളത്തിലെ മണ്ഡലങ്ങളിൽ സമയം ചെലവഴിച്ചിട്ട് കാര്യമില്ല എന്നാണ് വിലയിരുത്തൽ. അതേസമയം, ഒഴിവാക്കണ്ടെന്നും കേന്ദ്രമന്ത്രിമാർ ചുമതല വഹിക്കണമെന്നും നിർദേശിച്ചു. എന്നാൽ, കേന്ദ്ര വിദേശമന്ത്രിയുടെ വരവ് മറ്റു ചില ലക്ഷ്യത്തിലാണെന്ന് ബിജെപി വൃത്തങ്ങളും സംശയിക്കുന്നുണ്ട്.

രാജ്യസഭാ സീറ്റ് ഇനിയില്ലെന്ന് അറിയിച്ചതിനാൽ ആറ്റിങ്ങലിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന വി മുരളീധരനാണ് ഹൈദരാബാദ് യോഗതീരുമാനമെന്ന് മാധ്യമങ്ങളിലൂടെ തള്ളുന്നത്. തിരുവനന്തപുരവും ആറ്റിങ്ങലും കേന്ദ്രീകരിച്ചിട്ട് കാര്യമില്ലെന്നും തൃശൂരിൽ കണ്ടുവച്ചിരുന്ന സുരേഷ് ഗോപി പിൻവാങ്ങിയെന്നും കേന്ദ്രം മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിലെ ബിജെപിയുടെ ദയനീയ അവസ്ഥയും സുരേഷ് ഗോപി കേന്ദ്രത്തെ അറിയിച്ചിരുന്നു.

15 ശതമാനം വോട്ടുവരെ ഉണ്ടായിരുന്ന ബിജെപി ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും പിന്നിലായി. ഏറ്റവും ഒടുവിൽ തൃക്കാക്കരയിൽ ഒമ്പത് ശതമാനത്തിലെത്തി. 2021ൽ കേരളത്തിൽ ബിജെപി നേടിയത് 11.3 ശതമാനം വോട്ടുമാത്രം. കോന്നിയിൽ ഉപതെരഞ്ഞെടുപ്പിനേക്കാൾ 6975 വോട്ട് കുറഞ്ഞാണ് കെ സുരേന്ദ്രന്റെ ദയനീയ തോൽവി. നരേന്ദ്ര മോദിയും അമിത് ഷായും അടക്കം വമ്പൻ നേതാക്കളും 400 കോടിയിലധികം രൂപ ചെലവഴിച്ചും 35 സീറ്റ് നേടാൻ നടത്തിയ ശ്രമത്തിലൂടെ വൻ തിരിച്ചടിയാണ് കിട്ടിയത്. കൈയിലുണ്ടായിരുന്ന നേമവും നഷ്ടപ്പെട്ടു. 2016ൽ 15.01 ശതമാനം, 2019ൽ 15.53 ശതമാനം, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 15.56 ശതമാനം എന്നിങ്ങനെ വോട്ട് ശേഖരിച്ച ബിജെപി പിന്നീട് തലകുത്തി വീണു. വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും നേതൃത്വത്തിൽ ഗ്രൂപ്പുകളിയാണ് കാരണമെന്നാണ് കേന്ദ്രത്തിന് ലഭിച്ച വിവിധ പരാതികളിലുള്ളത്. സി വി ആനന്ദബോസ്, ഇ ശ്രീധരൻ, ജേക്കബ് തോമസ് എന്നിവരുടെ നിലപാടാണ് ശരിയെന്നാണ് സുരേഷ് ഗോപിയും കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/v5FsUdN

Comments

Archive

Contact Form

Send