സഹകരണം കൈപ്പിടിയിലാക്കാൻ കേന്ദ്രം ; വിവരശേഖരണം തുടങ്ങി
തിരുവനന്തപുരം
കേരളത്തിലെ സഹകരണമേഖല കൈപ്പിടിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പ്രാഥമിക സംഘങ്ങളിൽനിന്ന് കേന്ദ്രസർക്കാർ വിവരശേഖരണം തുടങ്ങി. കേന്ദ്ര സഹകരണ മന്ത്രാലയം നബാർഡ് വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. സംസ്ഥാന സഹകരണ വകുപ്പിനോടും വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര അംഗങ്ങൾ, വായ്പാ വിതരണം, ഭരണസമിതിയുടെ ഘടന, മൂലധനശേഷി, ലാഭക്ഷമത, പ്രവർത്തനരീതി, വായ്പേതര പ്രവർത്തനം, വരുമാനസ്രോതസ്സുകൾ, അംഗങ്ങൾക്ക് നൽകുന്ന ലാഭവിഹിതം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. എന്നാൽ, എന്ത് ആവശ്യത്തിനാണ് വിവരശേഖരണമെന്ന് അറിയിച്ചിട്ടില്ല. എന്നാൽ ആർഎസ്എസിന്റെ ആവശ്യമനുസരിച്ചാണ് നീക്കമെന്ന് അറിയുന്നു.
നേരത്തേ മഹാരാഷ്ട്രയിലും നിഗൂഢമായ രീതിയിലുള്ള ഇത്തരം വിവരശേഖരണം നടത്തിയിരുന്നു. ബഹുഭൂരിപക്ഷം ബാങ്കുകളും എൻസിപിയാണ് ഭരിക്കുന്നത്. അത് അട്ടിമറിക്കലാണ് ലക്ഷ്യം.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകൾ കാർഷിക വായ്പയിൽ മാത്രമല്ല, സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലും സഹായിക്കുന്നവയാണ്. എന്നാൽ, ബാങ്ക് എന്ന പേരിൽ സംഘങ്ങൾ പ്രവർത്തിക്കരുതെന്നാണ് റിസർവ് ബാങ്ക് നിർദേശം. എ- ക്ലാസ് അംഗങ്ങളിൽനിന്നല്ലാതെ നിക്ഷേപം സ്വീകരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. ഇത്തരം നിയന്ത്രണങ്ങൾക്കെതിരെ കേരളം ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് കൃത്യമായ കാരണം പറയാതെ വിവരങ്ങൾ ശേഖരിക്കുന്നത്.
ബിജെപി കൊണ്ടുവന്ന ബാങ്കിങ് നിയന്ത്രണ നിയമഭേദഗതിയിലെ വ്യവസ്ഥകളെല്ലാം കേരളത്തിലെ സഹകരണമേഖലയിൽ കേന്ദ്രത്തിന് കടന്നുകയറാൻ അവസരമൊരുക്കുന്നതാണ്. ഇവ സംസ്ഥാന സഹകരണ നിയമത്തിന് എതിരുമാണ്. സഹകരണ ബാങ്കുകളുടെ ഭരണസമിതികളെ മറികടന്ന് നേരിട്ട് നിയന്ത്രിക്കാനാണ് കേന്ദ്ര ശ്രമം.
Credits Kerala || Deshabhimani Online News https://ift.tt/340FwGX
Comments