ട്രോളുമായെത്തി സ്വയം ട്രോളായി ; കിലുക്കത്തിലെ ‘നിശ്ചലി’നെപ്പോലെ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം
‘എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ...’എന്നതായിരുന്നു ബുധനാഴ്ച നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ അവസ്ഥ. ശൂന്യവേളയിൽ മന്ത്രി എം വി ഗോവിന്ദൻ തുടങ്ങിവച്ച ‘പൊളിച്ചടുക്കൽ’ ഉപധനാഭ്യർഥന ചർച്ചയ്ക്കുശേഷം സംസാരിച്ച മുഖ്യമന്ത്രി പൂർത്തിയാക്കിയതോടെ കിലുക്കം സിനിമയിലെ ‘നിശ്ചലി’ന്റെ അവസ്ഥയിലായി പ്രതിപക്ഷ നേതാവ്.
മലപ്പട്ടം പഞ്ചായത്തിലെ ജീവനക്കാരൻ എം വി ബാബു കൂലിപ്പണിക്കു പോയെന്ന മനോരമചിത്രം നിയമസഭയിൽ അവതരിപ്പിച്ച് പരിഹാസ്യനായ വി ഡി സതീശൻ അതിന്റെ ക്ഷീണമകറ്റാനാണ് പുതിയ ചിത്രവുമായെത്തിയത്. ബാബു ശമ്പളമില്ലാത്തതിനാൽ ജോലിക്കു പോയതുതന്നെ എന്ന് സതീശൻ പറഞ്ഞു. ഇതു സ്ഥാപിക്കാൻ ‘കോൺക്രീറ്റ് കട്ടിങ്ങിനും മറ്റു ജോലികൾക്കും സമീപിക്കുക’ എന്നെഴുതി ബാബുവിന്റെ ഫോൺനമ്പർ സഹിതം പ്രചരിച്ച പരസ്യമാണ് സഭയിൽ കൊണ്ടുവന്നത്. മന്ത്രി എം വി ഗോവിന്ദൻ ഇതു പൊളിച്ചടുക്കി. സംഭവത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ട്രോളുമായാണ് സതീശൻ എത്തിയതെന്നും അത് തന്റെ കൈയിലും ഉണ്ടെന്നും മന്ത്രി പറഞ്ഞു. ശമ്പളം മുടങ്ങിയതിനാൽ കൂലിപ്പണിക്ക് പോയിട്ടില്ലെന്നും സഹോദരന്റെ വീട്ടുപണിക്ക് സഹായിച്ചതാണെന്നും ബാബുതന്നെ നേരിട്ടുപറഞ്ഞ വാർത്തയും മന്ത്രി വായിച്ചതോടെ കള്ളിവെളിച്ചത്തായി.
മന്ത്രി ആന്റണി രാജുവിനെതിരെയായിരുന്നു വി ഡി സതീശന്റെ അടുത്ത ആരോപണം. തൊണ്ടിമുതലിൽ മാറ്റംവരുത്തിയെന്ന കേസ് ആന്റണി രാജുവിനെതിരെ ഉണ്ടെന്നും അതിനാൽ രാജിവയ്ക്കണമെന്നുമായിരുന്നു ആവശ്യം. വർഷങ്ങൾക്കു മുമ്പത്തെ കേസാണെന്നും രണ്ട് യുഡിഎഫ് സർക്കാരിന്റെ കാലത്തും ഇന്റർപോളും അന്വേഷിച്ച് തന്നെ പ്രതിയാക്കാനാകില്ലെന്നു പറഞ്ഞ കേസാണിതെന്നും ആന്റണി രാജു തിരിച്ചടിച്ചു. താൻ എൽഡിഎഫ് സ്ഥാനാർഥിയാകുന്ന ഘട്ടത്തിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കേസ് പുനരന്വേഷണത്തിനു വിട്ടതാണ്. കാളപെറ്റെന്നു കേട്ട് കയറെടുക്കരുതെന്നും മന്ത്രി പരിഹസിച്ചു.
മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ ആക്രമിക്കാനെത്തിയ ആൾക്കെതിരെ 19 കേസുണ്ടെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് തെറ്റാണെന്നും 12 കേസു മാത്രമേ ഉള്ളൂവെന്നുമായിരുന്നു സതീശന്റെ തുടർന്നുള്ള ആരോപണം. മറുപടി പറഞ്ഞ മുഖ്യമന്ത്രി 2015 മുതലുള്ള 19 കേസും ഫയൽനമ്പർ സഹിതം സഭയിൽ വായിച്ചതോടെ അതും പൊളിഞ്ഞു. ചർച്ചയ്ക്കൊടുവിൽ സംസാരിച്ച മന്ത്രി കെ എൻ ബാലഗോപാൽ ‘വിശ്വസനീയമായി കാര്യങ്ങൾ അവതരിപ്പിക്കാൻ പ്രതിപക്ഷ നേതാവിനു കഴിവുണ്ടെന്ന’ ട്രോളോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/WuKRVOI
Comments