"യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പീഡനമില്ല' ഷാഫി പറമ്പിൽ എഴുതിവാങ്ങി ; പ്രതികരിക്കാനാകാതെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പരാതിക്കാരി
തിരുവനന്തപുരം
യൂത്ത് കോൺഗ്രസിന്റെ പാലക്കാട് ക്യാമ്പിലെ പീഡനം മുക്കിയത് വ്യാപക ചർച്ചയായതോടെ, പീഡനം ഉണ്ടായില്ലെന്ന് പരാതിക്കാരിയിൽനിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം എഴുതി വാങ്ങി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് ഇതിനായി സമ്മർദം ചെലുത്തിയത്.
ക്യാമ്പിലെ പീഡനവാർത്തകൾ തെറ്റാണെന്നും അങ്ങനെ ഒരുവിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നത് അന്വേഷിക്കണമെന്നും പറയുന്ന കത്താണ് എഴുതി വാങ്ങിയത്. അതിനാൽ പ്രതികരിക്കാനാകാത്ത അവസ്ഥയിലാണ് യുവതി.ജൂലൈ ഒന്നു മുതൽ മൂന്നുവരെ പാലക്കാട് നടന്ന ചിന്തൻ ശിവിറിലാണ് പീഡനം. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക് എച്ച് നായർ (ശംഭു) തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് ഭാരവാഹിയായ യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി മറ്റൊരാളെക്കൊണ്ട് ഇംഗ്ലീഷിൽ പരാതി എഴുതിച്ച് ഒപ്പിട്ട് കൊടുക്കുകയായിരുന്നു. ഈ കത്താണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവം ഒതുക്കിത്തീർക്കണമെന്ന് പരാതിക്കാരിയോട് ചില സംസ്ഥാന നേതാക്കൾ പറയുന്ന ഓഡിയോയും പുറത്തുവന്നു. അതേസമയം, അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ഫെയ്സ്ബുക്ക് പേജിൽ പറയുന്നു.
പരാതി മുക്കിയതിലും പരാതിക്കാരിയിൽ സമ്മർദം ചെലുത്തുന്നതിലും നേതൃത്വത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്. വനിതാ കമീഷനും പട്ടികജാതി കമീഷനും സ്വമേധയാ കേസെടുക്കുമെന്ന ഭയവും നേതൃത്വത്തിനുണ്ട്. മദ്യപിച്ച് ലക്കുകെട്ട് ക്യാമ്പിലെത്തിയ വിവേക് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടെന്നും നെഞ്ചത്ത് പിടിച്ചെന്നുമാണ് യുവതി ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് പരാതി നൽകിയത്. എന്നാൽ, വിവേക് തുടർച്ചയായി ‘നിയന്ത്രണം വിട്ട് പെരുമാറി’ എന്നാണ് സസ്പെൻഡ് ചെയ്തുകൊണ്ട് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
പീഡനം: കെഎസ്യു
ജില്ലാ സെക്രട്ടറി കസ്റ്റഡിയിൽ
വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കെഎസ്യു പത്തനംതിട്ട ജില്ലാ സെക്രട്ടറി അഭിജിത് സോമൻ പൊലീസ് കസ്റ്റഡിയിൽ. ഇരയായ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാൾ പെൺകുട്ടിയിൽനിന്ന് ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായും പറയുന്നു.
മൗണ്ട് സീയോൺ ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയാണ് യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം വൈസ് പ്രസിഡന്റുകൂടിയായ അഭിജിത്. കുട്ടിയെ കാറിൽ കൂട്ടിക്കൊണ്ടുപോയി മർദിച്ചതായും പറയുന്നു. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉമ്മൻചാണ്ടിയടക്കം കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ് അഭിജിത്.
Credits Kerala || Deshabhimani Online News https://ift.tt/t8Wur7R
Comments