തുടരുന്നു, ദുരിതപ്പെയ്‌ത്ത് ; അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ദുരിതപ്പെയ്ത്ത് തുടരുന്നു. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് കനത്ത മഴ. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. ഇരിട്ടി കല്ലങ്കോട് മാഞ്ഞാംപാറ കോളനിയിലെ ചന്ദ്രൻ (46) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് ചന്ദ്രനെ കാണാതായത്. ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി.
സംസ്ഥാനത്ത് 17 വീട് പൂർണമായും 293 വീട് ഭാഗികമായും തകർന്നതായാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. 61.41 കോടിയുടെ കൃഷിനാശമുണ്ടായി. അഞ്ച് ദുരിതാശ്വാസ ക്യാമ്പിലായി 188 പേരെ ഇതിനകം മാറ്റി പാർപ്പിച്ചു.
3071 കെട്ടിടം ക്യാമ്പുകൾക്കായി സജ്ജമാക്കി.തെക്കൻ ഒഡിഷയ്ക്കും ആന്ധ്രപ്രദേശിനും മുകളിലായുള്ള ന്യൂനമർദം, മൺസൂൺപാത്തിയുടെ സജീവത, തെക്കൻ ഗുജറാത്ത് തീരംമുതൽ വടക്കൻ കേരള തീരംവരെയുള്ള ന്യൂനമർദപാത്തി എന്നിവയുടെ സ്വാധീനമാണ് വ്യാപക മഴയ്ക്ക് കാരണം.
ഇന്ന് മഞ്ഞ അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. 11 ജില്ലയിൽ തിങ്കളാഴ്ച മഞ്ഞ അലർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് മുന്നറിയിപ്പ്. കേരളം-, ലക്ഷദ്വീപ്-, കർണാടക തീരങ്ങളിൽ 14 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളതീരത്ത് തിങ്കൾ രാത്രി 11.30 വരെ 3.5 മുതൽ നാല് മീറ്റർവരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രം അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/PUMylpR
Comments