ഗോവയിലും
"താമര കൈ' ; കോൺഗ്രസ്‌ 
എംഎൽഎമാർ 
ബിജെപിയിലേക്ക്‌


ന്യൂഡൽഹി
ഗോവയിൽ 11 കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗവും ബിജെപിയിലേക്ക് കൂറുമാറുമെന്ന് റിപ്പോർട്ടുകൾ. മുതിർന്ന നേതാവ് ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലാണ് വിമതനീക്കം. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ഗോവയിൽ തങ്ങുന്നതും അഭ്യൂഹങ്ങൾക്ക് കരുത്തുപകർന്നു. ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പും മാറ്റിവച്ചു. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കൂറുമാറില്ലെന്ന് കോൺഗ്രസ് പ്രതിജ്ഞ ചെയ്യിപ്പിച്ചവരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്.

വിമതനീക്കത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ കോൺഗ്രസ് അടിയന്തരമായി എംഎൽഎമാരുടെ യോഗം വിളിച്ചെങ്കിലും ഏഴുപേരാണ് പങ്കെടുത്തത്. ദിഗംബർ കാമത്തുമായി പിസിസി പ്രസിഡന്റ് അമിത് പത്കറും എഐസിസി ഇൻചാർജ് ദിനേശ് ഗുണ്ടുറാവുവും കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോയും ബിജെപിയിലേക്ക് ചേക്കേറുമെന്ന് സൂചനയുണ്ട്. ഫെബ്രുവരിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ലോബോ ബിജെപിവിട്ട് കോൺഗ്രസിൽ ചേർന്നത്.

എല്ലാ എംഎൽഎമാരും തങ്ങൾക്കൊപ്പമുണ്ടെന്നും ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും പിസിസി പ്രസിഡന്റ് അമിത് പത്കർ മാധ്യമങ്ങളോടു പറഞ്ഞു. തന്റെ കാര്യത്തിൽ മാത്രം ഉറപ്പുണ്ട്. മറ്റുള്ളവരുടെ കാര്യം പറയാനാകില്ലെന്ന് നുവെം എംഎൽഎ അലക്സിയോ സെക്വിര പറഞ്ഞു. 2019ലും കോൺഗ്രസ് എംഎൽഎമാർ കൂട്ടമായി ബിജെപിയിൽ ചേർന്നിരുന്നു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവലേക്കറുടെ നേതൃത്വത്തിൽ ഒമ്പത് കോൺഗ്രസ് എംഎൽഎമാരാണ് കാവിപ്പാളയത്തിലേക്ക് പോയത്. കവലേക്കർ പിന്നീട് ഉപമുഖ്യമന്ത്രിയായി. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റോടെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാനായില്ല. കഴിഞ്ഞ നിയമസഭയുടെ കാലാവധി അവസാനിക്കുമ്പോൾ 17 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസിന്റെ അംഗബലം നാലായി ചുരുങ്ങിയിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/Tcyh4I2

Comments

Archive

Contact Form

Send