മഹാരാഷ്ട്ര കോൺഗ്രസില്‍ കൂട്ടക്കുഴപ്പം ; ഹൈക്കമാൻഡ്‌ നിരീക്ഷകനെ അയച്ചു


ന്യൂഡൽഹി
മഹാരാഷ്ട്രയിൽ അധികാരം നഷ്ടമായതിനു പിന്നാലെ കോൺഗ്രസ് കൂട്ടക്കുഴപ്പത്തിലേക്ക്. നിർണായക വിശ്വാസവോട്ടിൽ പങ്കെടുക്കാതെ 11 കോൺഗ്രസ് എംഎൽഎമാർ വിട്ടുനിന്നതും എംഎൽസി തെരഞ്ഞെടുപ്പിൽ ഉറപ്പായിരുന്നു ഒരു സീറ്റ് വോട്ടുചോർച്ചയിലൂടെ നഷ്ടമായതും ഹൈക്കമാൻഡിനെ ഞെട്ടിച്ചു. കടുത്ത സംഘടനാപ്രതിസന്ധി ഉടലെടുത്തതോടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഹൈക്കമാൻഡ് മോഹൻ പ്രകാശിനെ നിരീക്ഷകനായി അയച്ചു.

ഷിൻഡെ സർക്കാർ വിശ്വാസവോട്ട് തേടിയ ഘട്ടത്തിൽ മുൻ മുഖ്യമന്ത്രി അശോക് ചവാനും മുൻമന്ത്രി വിജയ് വദെത്തിവാറുമടക്കം 11 കോൺഗ്രസ് എംഎൽഎമാരാണ് വിട്ടുനിന്നത്. ഗതാഗതക്കുരുക്കിൽപ്പെട്ടതിനാൽ സഭയിൽ എത്താൻ വൈകിയെന്നാണ് വിശദീകരണം. എംഎൽസി തെരഞ്ഞെടുപ്പിലും കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടായി. ദളിത് വിഭാഗത്തിൽനിന്നുള്ള നേതാവും പിസിസി വർക്കിങ് പ്രസിഡന്റുമായ ചന്ദ്രകാന്ത് ഹൻഡോറെയും കോൺഗ്രസിന്റെ മുംബൈ അധ്യക്ഷൻ ഭായ് ജഗ്തപുമായിരുന്നു കോൺഗ്രസ് സ്ഥാനാർഥികൾ.

ഹൻഡോറെയ്ക്കായിരുന്നു കോൺഗ്രസിന്റെ ആദ്യ പരിഗണന. രണ്ട് സ്ഥാനാർഥികളെയും ജയിപ്പിക്കാമായിരുന്നിട്ടും എംഎൽഎമാരുടെ വോട്ടു ചോർന്നത് തിരിച്ചടിയായി. ഏഴു വോട്ട് ചോർന്നതിനാൽ ദളിത് നേതാവായ ഹൻഡോറെ തോറ്റു. ഇതോടെ 10 സീറ്റിൽ അഞ്ചെണ്ണം ബിജെപി ജയിച്ചു.

ഈ സംഭവങ്ങളോടെ ഹൈക്കമാൻഡിലേക്ക് പരാതിപ്രവാഹമാണ്. പിസിസി പ്രസിഡന്റ് നാനാ പഠോളെ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. സംഘടനാതലത്തിലുള്ള നടപടി എംഎൽഎമാരുടെ ചോർച്ചയ്ക്ക് വഴിവയ്ക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ശിവസേനയ്ക്ക് പിന്നാലെ കോൺഗ്രസിനെയും പിളർത്താനുള്ള ശ്രമത്തിലാണ് ബിജെപി.



Credits National || Deshabhimani ​Online ​News https://ift.tt/RAvYZOe

Comments

Archive

Contact Form

Send