നുണബോംബ് ചീറ്റി ; അപഹാസ്യരായി പ്രതിപക്ഷം
തിരുവനന്തപുരം
ദൗർഭാഗ്യകരമായ ശിശുമരണത്തെ രാഷ്ട്രീയ ലാഭത്തിന് വളച്ചൊടിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിന് തിരിച്ചടിയായി അടിയന്തര പ്രമേയ നോട്ടീസ്. തിങ്കളാഴ്ച അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പൻ–-സരസ്വതി ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണം സർക്കാൻ അനാസ്ഥയാണെന്ന് സ്ഥാപിക്കാനായിരുന്നു മുസ്ലിംലീഗിലെ എൻ ഷംസുദ്ദീന്റെ ശ്രമം. ഒടുവിൽ സഭയിൽ വെളിപ്പെട്ടതാവട്ടെ സ്വന്തം മണ്ഡലത്തിൽ നടക്കുന്നതൊന്നും എംഎൽഎ അറിയുന്നില്ലെന്ന വസ്തുതയും.
സർക്കാരിനെതിരെ അസത്യങ്ങളും അർധസത്യങ്ങളുമാണ് ഷംസുദ്ദീൻ ഉന്നയിക്കാൻ ശ്രമിച്ചതെന്ന് തെളിവ് സഹിതം മന്ത്രിമാർ മറുപടി നൽകിയതോടെ എംഎൽഎ നാണംകെട്ടു.
അട്ടപ്പാടിയിലെ സർക്കാർ ഇടപെടലുകൾ, മൂന്നുപ്രാവശ്യം എംഎൽഎയായ ഷംസുദ്ദീന് നന്നായി അറിയാമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവത്തെ ദിശമാറ്റി വിവാദം സൃഷ്ടിക്കാനാണ് ശ്രമം. അലംഭാവം പറ്റിയിട്ടുണ്ടെങ്കിൽ, കുറ്റക്കാർ എംഎൽഎയുൾപ്പെടെ പങ്കെടുക്കുന്ന എംപി അധ്യക്ഷനായ അവലോകന സമിതിയാണ്.
യുഡിഎഫ് ഭരണകാലത്ത് 2013ൽ അട്ടപ്പാടിയിൽ 33 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടത് കെ കെ ശൈലജ ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരണത്തിലെ സ്ഥിതിയല്ല ഇപ്പോൾ അട്ടപ്പാടിയിലുള്ളതെന്ന് മന്ത്രി വീണാ ജോർജും ചൂണ്ടിക്കാട്ടി. ഈവർഷം ഏഴു കുഞ്ഞുങ്ങൾ മരിച്ചതിൽ, 26 ആഴ്ച പ്രായമുണ്ടായിരുന്ന ഒരു കുഞ്ഞിനുമാത്രമാണ് തൂക്കക്കുറവുണ്ടായത്. കൃത്യമായ ഗർഭസ്ഥശിശു ആരോഗ്യസംരക്ഷണം ഉറപ്പാകുന്നുവെന്നതിന്റെ തെളിവാണിത്. സമാന സ്വഭാവത്തിലെ മറ്റൊരു ആശുപത്രിക്കുമില്ലാത്തത്ര സൗകര്യങ്ങൾ കോട്ടത്തറ ആശുപത്രിയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ടതിന് തെളിവുണ്ടെങ്കിൽ നൽകാൻ മന്ത്രി കെ കൃഷ്ണൻകുട്ടി വെല്ലുവിളിച്ചു. എംഎൽഎ മണ്ഡലത്തിലെത്തി കാര്യങ്ങൾ അറിയണമെന്ന ആവശ്യവും ഭരണപക്ഷ അംഗങ്ങളും ഉയർത്തി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമായി. സ്പീക്കർ സഭ താൽക്കാലികമായി നിർത്തി. പിന്നീട് പുനരാരംഭിച്ചപ്പോൾ, എംഎൽഎയെ അധിക്ഷേപിക്കാൻ ശ്രമിച്ചതായി ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
അട്ടപ്പാടിയിൽ സർക്കാർ ഇടപെടൽ ഫലപ്രദം ; കുഞ്ഞിന്റെ മരണത്തിൽ
അലംഭാവമില്ല: മന്ത്രി
അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പൻ–-സരസ്വതി ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങളിൽ അലംഭാവമൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ആദിവാസി ഊരുകളിലെ സർക്കാർ ഇടപെടലുകൾ ഫലപ്രദമാണെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിന് മന്ത്രി മറുപടി നൽകി.
മരിച്ച കുഞ്ഞ് പൂർണ ആരോഗ്യവാനായിരുന്നു. മരണ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ടിലേ ലഭ്യമാകൂ. മരണം അറിഞ്ഞയുടൻ രണ്ട് ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസർമാർ ഊരിലെത്തി. മൃതദേഹം അഗളിയിലെ മോർച്ചറിയിൽ എത്തിക്കുന്നതിന് ആംബുലൻസ് സൗകര്യമടക്കമൊരുക്കി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം അട്ടപ്പാടിയിലെ കോൺക്രീറ്റ് റോഡ് അവസാനിക്കുന്നിടത്തുവരെ ആംബുലൻസിൽ എത്തിച്ചു. മഴക്കാലമായതിനാൽ മുരുഗള ഊരിലേക്കുള്ള റോഡിൽ പുതിയ തൂക്കുപാലംവരെ വാഹനങ്ങൾക്ക് പോകാനായില്ല. തുടർന്നാണ് രണ്ടു കിലോമീറ്റർ കാൽനടയായി ഊരിൽ എത്തിച്ചത്. രണ്ട് ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസർമാരും ട്രൈബൽ പ്രൊമോട്ടർമാരും പൂർണ സമയം കുടുംബത്തോടൊപ്പമുണ്ടായിരുന്നു. സംസ്കാരത്തിന് ഉൾപ്പെടെ 16,000 രൂപ അടിയന്തരസഹായവും നൽകിയതായി മന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/eRH3sEg
Comments