ഹൃദയത്തോട്‌ ചേർന്നുനിന്നൊരാൾ ; സ്‌നേഹസൗഹൃദത്തിന്റെ തണലാണ്‌ പ്രതാപേട്ടന്റെ വിയോഗത്തിലൂടെ നഷ്‌ടമായത്‌ : വിനീത്‌


വിനീത്
‘ഋതുഭേദ’ത്തിലാരംഭിച്ച സ്നേഹബന്ധം ഇക്കാലമത്രയും ഒരു നദിപോലെ ഒഴുകി. വെള്ളിത്തിര സമ്മാനിച്ച സ്നേഹസൗഹൃദത്തിന്റെ തണലാണ് പ്രതാപേട്ടന്റെ ആകസ്മിക വിയോഗത്തിലൂടെ നഷ്ടമായത്. പ്രീഡിഗ്രി കാലത്താണ് എം ടി സാറിന്റെ തിരക്കഥയിൽ പ്രതാപ്പോത്തൻ സംവിധാനംചെയ്യുന്ന ‘ഋതുഭേദ’ത്തിൽ നായകനെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചത്. ‘നഖക്ഷതങ്ങൾ’ കഴിഞ്ഞുനിൽക്കുന്ന സമയമായിരുന്നു അത്.
തിലകൻ ചേട്ടൻ, ഗീതചേച്ചി, ശങ്കരാടിച്ചേട്ടൻ, സോമേട്ടൻ, നെടുമുടിവേണുച്ചേട്ടൻ, മുരളിയേട്ടൻ, മോനിഷ, ബാലചന്ദ്രമേനോൻ, ശാന്താദേവി തുടങ്ങി എല്ലാവരും ഒത്തു ചേർന്ന് വലിയ ആഘോഷമായിരുന്നു സെറ്റിൽ. പ്രതാപേട്ടൻ സംവിധാനംചെയ്യുന്ന ആദ്യ മലയാള ചിത്രമായിരുന്നു അത്. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഋതുഭേദം സഹായിച്ചു.

സംഭാഷണത്തിന്റെ മോഡുലേഷനടക്കം പകർന്നേകിയ പാഠങ്ങളെല്ലാം മനസ്സിിലുണ്ട്. ചിത്രീകരണംതീരുംവരെ ജ്യേഷ്ഠസഹോദരനെപോലെ എല്ലാറ്റിനും ഒപ്പമുണ്ടായി. പോസ്റ്റ് പ്രൊഡക്ഷനായി ചെന്നൈയിലെത്തിയപ്പോഴും കരുതലും സ്നേഹവും ആവോളം അനുഭവിച്ചു. എഡിറ്റിങ്ങിന് പോകുമ്പോഴും കൂടെകൂട്ടി. പിന്നീട് അദ്ദേഹം അഭിനയത്തിന്റെയും സംവിധാനത്തിന്റെയും തിരക്കിലായി. കാണുമ്പോഴെല്ലാം സൗഹൃദത്തിന്റെ തണൽ അനുഭവിച്ചു.

വിനീതിനും മോനിഷയ്ക്കുമൊപ്പം

വിനീതിനും മോനിഷയ്ക്കുമൊപ്പം


അപാരറേഞ്ചുള്ള നടനായിരുന്നു പ്രതാപേട്ടൻ. തകരയിൽ സ്വഭാവിക അഭിനയത്തിന്റെ ഇന്ദ്രജാലം കാണിച്ച് വിസ്മയിപ്പിച്ചു. തമിഴ് റീമേക്കായ ‘ആവാരംപൂ’വിലേക്ക് തെരഞ്ഞെടുത്തപ്പോൾ തകരയിലെ അഭിനയംകണ്ട് മനസ്സിലാക്കാൻ ഭരതൻചേട്ടൻ നിർദേശിച്ചിരുന്നു. തകരയിലെ ശരീരഭാഷയും അഭിനയ ശൈലിയുമെല്ലാം വേറിട്ടതായിരുന്നു. ആ മാനറിസം പരമാവധി കൊണ്ടുവരാൻ ഞാനും ശ്രമിച്ചു. തകരയുടെ നാൽപ്പതാം വാർഷികത്തിന് നിർമാതാവ് ബാബുവേട്ടന്റെ വീട്ടിലെ ഒത്തുചേരലിന് എന്നെയും ക്ഷണിച്ചിരുന്നു. പ്രതാപേട്ടനും ലളിതചേച്ചിയുമെല്ലാം കൂടിയിരുന്ന ആ ദിവസം മായാതെ മനസ്സിലുണ്ട്. ചലച്ചിത്രത്തിന്റെ വിവിധ മേഖലകളിൽ തിളങ്ങി നിന്ന അതുല്യപ്രതിഭയായിരുന്നു.
ജീവിത വേഷം അഴിച്ചുവച്ച് പ്രതാപേട്ടൻ മടങ്ങുമ്പോൾ ആ വിയോഗം മനസ്സിലൊരു നീറ്റലായുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/cwFDKn8

Comments

Archive

Contact Form

Send