ആസാദിന്റെ രാജി ; ജമ്മു കശ്‌മീരിലും കോൺഗ്രസ്‌ നാമാവശേഷമാകും


ന്യൂഡൽഹി
ജമ്മു കശ്മീരിലും കോൺഗ്രസ് നാമാവശേഷമാകുന്നു. മമത ബാനർജി തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചതോടെ ബംഗാളിലും ജഗൻമോഹൻ റെഡ്ഡി യുവജന ശ്രമിക റൈത്തു (വൈഎസ്ആർ) കോൺഗ്രസ് രൂപീകരിച്ചതോടെ ആന്ധ്രയിലും ജി കെ മൂപ്പനാർ തമിഴ്മാനില കോൺഗ്രസ് രൂപീകരിച്ചതോടെ തമിഴ്നാട്ടിലും കോൺഗ്രസ് തീർത്തും ദുർബലപ്പെട്ടിരുന്നു. ശരദ് പവാർ എൻസിപി രൂപീകരിച്ചതോടെ മഹാരാഷ്ട്രയിലും കോൺഗ്രസ് പിന്നാക്കംപോയി. സമാന സാഹചര്യമാണ് ഗുലാംനബി ആസാദ് പുതിയ പാർടി രൂപീകരിക്കുന്നതോടെ ജമ്മു കശ്മീരിലും കോൺഗ്രസിനെ കാത്തിരിക്കുന്നത്.

രാജി പ്രഖ്യാപനം വന്നതുമുതൽ ഗുലാംനബി ആസാദിന്റെ ഡൽഹിയിലെ വസതിയിലേക്ക് ജമ്മു കശ്മീരിൽനിന്നുള്ള കോൺഗ്രസ് നേതാക്കളുടെ ഒഴുക്കാണ്. സെപ്തംബർ നാലിന് ജമ്മു–-കശ്മീരിൽ സംഘടിപ്പിക്കുമെന്ന് ഗുലാംനബി വിഭാഗം അറിയിച്ച റാലിയിൽ പുതിയ പാർടി പ്രഖ്യാപനമുണ്ടായേക്കും. പ്രത്യേക പദവിയും സംസ്ഥാന പദവിയും റദ്ദാക്കപ്പെട്ട 2019നു മുമ്പുള്ള സ്ഥിതിയിലേക്ക് ജമ്മു കശ്മീരിനെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഗുലാംനബി പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമ്പോൾ ജമ്മു -കശ്മീരിൽ 12 എംഎൽഎമാർ ഉണ്ടായിരുന്നു കോൺഗ്രസിന്. ഇതിൽ എട്ടുപേർ ഗുലാംനബിക്കൊപ്പമാണ്. നിരവധി മുനിസിപ്പൽ കൗൺസിൽ അംഗങ്ങളും ബ്ലോക്ക് അംഗങ്ങളും പഞ്ചായത്ത് അംഗങ്ങളും പിന്തുണ അറിയിച്ചതായി ഗുലാംനബിക്ക് പിന്തുണ പ്രഖ്യാപിച്ച ജി എം സരൂരി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകും. മറ്റ് പാർടികളിൽനിന്നും പിന്തുണ അറിയിച്ചവരുണ്ട്. അടുത്ത തെരഞ്ഞെടുപ്പിനുശേഷം ഗുലാംനബി മുഖ്യമന്ത്രിയാകും.
ലക്ഷ്യമിടുന്ന ദേശീയ പാർടിയുടെ തുടക്കം ജമ്മു കശ്മീരിൽനിന്നാകും–- സരൂരി പറഞ്ഞു.

എം എ ഖാനും കോൺഗ്രസ് വിട്ടു
കോൺഗ്രസിനെ കൈവിട്ട് മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. തെലങ്കാനയിൽനിന്നുള്ള മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ എം എ ഖാൻ ഞായറാഴ്ച കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു. മുതിർന്ന നേതാക്കളെ പൂർണമായും ഒതുക്കിയ രാഹുൽ ഗാന്ധിയുടെ സംഘടനാ രീതികളിൽ പ്രതിഷേധിച്ചാണ് പുറത്തുപോക്ക്. തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കോൺഗ്രസ് പൂർണമായും പരാജയപ്പെട്ടെന്നും ഖാൻ ആരോപിച്ചു.

പ്രവർത്തകരുമായും നേതാക്കളുമായും യോജിച്ചുപോകാത്ത ചിന്താരീതിയാണ് രാഹുലിന്റേത്. ജി–-23 നേതാക്കൾ പാർടിയുടെ ക്ഷേമത്തിനുവേണ്ടിയാണ് വാദമുയർത്തിയത്. അവരെ വിശ്വാസത്തിലെടുത്ത്, പാർടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെ പരിഗണിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായേനെയെന്നും സോണിയക്ക് അയച്ച രാജിക്കത്തിൽ ഖാൻ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/SKDhkGj

Comments

Archive

Contact Form

Send