കേരളത്തിലേക്ക് എംഡിഎംഎ കടത്ത് : നൈജീരിയക്കാരനെ കേരള പൊലീസ് ബംഗളൂരുവിൽനിന്ന് പിടിച്ചു
കൊച്ചി
മയക്കുമരുന്നായ എംഡിഎംഎ കേരളത്തിലേക്ക് കയറ്റിയയച്ച് വിൽപ്പന നടത്തുന്നയാൾ ബംഗളൂരുവിൽ അറസ്റ്റിലായി. നൈജീരിയൻ പൗരനായ ഒക്കാഫോർ എസേ ഇമ്മാനുവലിനെയാണ് (36) പാലാരിവട്ടം പൊലീസ് പിടികൂടിയത്. ജൂലൈ 20ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ലിങ്ക് റോഡിൽനിന്ന് എംഡിഎംഎയുമായി പിടികൂടിയ ഹാറൂൺ സുൽത്താനിൽനിന്നാരംഭിച്ച അന്വേഷണമാണ് ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയിലേക്ക് എത്തിയത്.
ഹാറൂണിനെ ചോദ്യംചെയ്തതിനുപിന്നാലെ അലിൻ ജോസഫ്, നിജു പീറ്റർ, അലൻ ടോണി എന്നിവരെ വിവിധ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യംചെയ്തപ്പോൾ ബംഗളൂരുവിൽ താമസിച്ച് വൻതോതിൽ എംഡിഎംഎ കയറ്റി അയക്കുന്ന ഫോർട്ട് കൊച്ചി സ്വദേശി വർഗീസ് ജോസഫിനെപ്പറ്റി വിവരം ലഭിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് നൈജീരിയക്കാരനെക്കുറിച്ച് അറിഞ്ഞത്. ആറുമാസത്തിനുള്ളിൽ എറണാകുളം ഭാഗത്തേക്ക് നാലരക്കിലോഗ്രാം എംഡിഎംഎ കയറ്റി അയച്ചതായി പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
കൂട്ടാളികൾ അറസ്റ്റിലായതറിഞ്ഞ് നൈജീരിയക്കാരൻ മൊബൈൽഫോൺ ഓഫാക്കി താമസസ്ഥലം മാറിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ബംഗളൂരു കെ ആർ പുരത്തുനിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എറണാകുളം എസിപി പി രാജ്കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ് സനൽ, സനീപ് കുമാർ, മാഹിൻ അബൂബക്കർ, അരുൺ സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Credits Kerala || Deshabhimani Online News https://ift.tt/aMu02Pf
Comments