തീയതി നീട്ടൽ രാഹുലിന്റെ മനസ്സ് മാറ്റാൻ ; കെഞ്ചി നേതാക്കൾ
ന്യൂഡൽഹി
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിയത് പദവി ഏറ്റെടുക്കാൻ സന്നദ്ധനാകാതെ മാറിനിൽക്കുന്ന രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ. രാഹുലിനും അനുചര വൃന്ദത്തിനുമെതിരായി ഗുരുതര ആരോപണങ്ങളുയർത്തി നേതാക്കൾ കൂട്ടമായി കോൺഗ്രസിൽനിന്ന് രാജിവയ്ക്കുന്നതും തെരഞ്ഞെടുപ്പ് തീയതി നീട്ടാൻ കാരണമായി.
കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയാണ് തെരഞ്ഞെടുപ്പ് സമയക്രമം പ്രവർത്തകസമിതിയിൽ അവതരിപ്പിച്ചത്. സെപ്തംബർ 22ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ 24മുതൽ -30വരെ പത്രിക സമർപ്പിക്കാം. ഒക്ടോബർ ഒന്നിന് സൂക്ഷ്മപരിശോധന. എട്ടുവരെ പത്രിക പിൻവലിക്കാം. മത്സരമുണ്ടായാൽ 17ന് തെരഞ്ഞെടുപ്പ് നടത്തി 19ന് വോട്ടെണ്ണും. നിർദേശം പ്രവർത്തകസമിതി ഏകകണ്ഠമായി അംഗീകരിച്ചെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. വിദേശത്ത് ചികിത്സയിലുള്ള സോണിയ മക്കളായ രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമാണ് ഓൺലൈൻ പ്രവർത്തകസമിതിയിൽ പങ്കെടുത്തത്.
കെഞ്ചി നേതാക്കൾ
പ്രസിഡന്റാകാൻ രാഹുലിനെ പരമാവധി നിർബന്ധിക്കുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും അഭ്യർഥിച്ചിരുന്നു. കോൺഗ്രസിൽ രാജ്യവ്യാപകമായി ജനപിന്തുണയുള്ള ഏക നേതാവ് രാഹുലാണെന്ന് ഖാർഗെ പറഞ്ഞു. നിർബന്ധിച്ചാണ് സോണിയ ഗാന്ധിയെ കോൺഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. അതുപോലെ രാഹുലിനോടും ആവശ്യപ്പെടും–- പ്രവർത്തകസമിതി യോഗം ചേരുംമുമ്പ് ഖാർഗെ വാർത്താഏജൻസിയോട് പറഞ്ഞു.
രാഹുലില്ലെങ്കിൽ സോണിയ തുടരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അവർ വിസമ്മതിച്ചു.
പ്രിയങ്കയ്ക്കും പ്രസിഡന്റുപദവി വേണ്ട. ഗെലോട്ട്, ഖാർഗെ തുടങ്ങിയ നേതാക്കൾ ആരെങ്കിലും പ്രസിഡന്റാകാണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര പ്രശ്നങ്ങളിൽ ഉഴലുന്ന പാർടിയെ നയിക്കാൻ ആരും തയ്യാറാകുന്നില്ല.
Credits National || Deshabhimani Online News https://ift.tt/TcZCUfE
Comments