കമ്യൂണിസ്‌റ്റ്‌ പാർടിയുടേത്‌ ആരാധനാ സ്വാതന്ത്ര്യത്തിന്‌ പോരാടിയ ചരിത്രം

തിരുവനന്തപുരം> കമ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയടക്കി എന്ന റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരാമർശം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. കമ്യൂണിസ്റ്റ് പാർടിയോ എൽഡിഎഫ് സർക്കാരോ ഒരു ഹിന്ദു ക്ഷേത്രവും കൈയടക്കിയിട്ടില്ല. ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിനും ആരാധനയ്ക്കുള്ള അവകാശം നേടിയെടുക്കാൻ കമ്യൂണിസ്റ്റ് പാർടി നടത്തിയ പോരാട്ടം ചരിത്രമാണ്. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരുകൾ എല്ലാ വിഭാഗത്തിന്റെയും ആരാധനയും വിശ്വാസങ്ങളും സംരക്ഷിക്കുകയായിരുന്നു.

അന്യാധീനപ്പെട്ട ദേവസ്വംഭൂമി തിരിച്ചുപിടിക്കാനും ക്ഷേത്ര ജീവനക്കാർക്ക് വ്യവസ്ഥാപിത രീതിയിൽ ശമ്പളം കൊടുക്കാനും ക്ഷേത്ര പരിസരത്തുപോലും പ്രവേശനം നിഷേധിച്ച ജനതയെ ക്ഷേത്ര ജീവനക്കാരാക്കാനും നടപടി സ്വീകരിച്ചത് ഇടതുപക്ഷ സർക്കാരുകളാണ്. ഒരു ക്ഷേത്രത്തിന്റെയും വരുമാനം സർക്കാർ കൈയ്യടക്കിയിട്ടില്ല. മറിച്ച് ദേവസ്വം ബോർഡുകൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുകയാണ്. വിവിധ ദേവസ്വങ്ങൾക്ക് 2018മുതൽ 2022വരെ 449 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർപ്ലാൻ പോലുള്ളവ കാര്യക്ഷമമായി നടത്താനും സുഗമമായ തീർഥാടന സൗകര്യങ്ങൾ ഒരുക്കാനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. സുപ്രീംകോടതിയിൽ ജഡ്ജിയായിരുന്നപ്പോൾ ഇന്ദു മൽഹോത്രയുടെ മനസ്സ് എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് ഇത്തരം പ്രസ്താവനകളിൽനിന്ന് വ്യക്തമാകുകയാണെന്ന്- മന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/TSM1V8l

Comments

Archive

Contact Form

Send