വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതിയ കോട്ടയത്തെ പള്ളിക്കൂടം
കോട്ടയം
ഇന്ത്യൻ വിദ്യാർഥികളുടെ സമഗ്രവികാസത്തിന് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം പര്യാപ്തമല്ല എന്ന തോന്നലിൽനിന്നായിരുന്നു മേരി റോയ് കോട്ടയത്തെ "പള്ളിക്കൂട'ത്തിന് ജന്മം കൊടുത്തത്. റോട്ടറി ക്ലബ്ബിന്റെ ഹാൾ വാടകക്കെടുത്ത് ചെറിയനിലയിൽ തുടങ്ങിയ വിദ്യാലയം "പള്ളിക്കൂട'മായി വളർന്നത് അവരുടെ അസാധാരണ കാഴ്ചപ്പാടിന്റെ കരുത്തിലാണ്. മകന്റെ പഠനരീതിയിലെ പോരായ്മ മനസ്സിലായതോടെയാണ് പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തോടെ സ്കൂൾ എന്ന ചിന്തയിലേക്ക് എത്തിയത്. ഏഴ് വയസ്സുള്ള മകൻ ഊട്ടിയിലെ ലഷിങ്ടൻ എന്ന ബ്രിട്ടീഷ് സ്കൂളിൽ അധികം ഹോംവർക്കുകളില്ലാതെ ചിത്രരചനയും മറ്റുമായി സന്തോഷവാനായിരുന്നു. എന്നാൽ മകൻ സ്വയം ബ്രിട്ടീഷുകാരനാണെന്ന് ധരിച്ച് ഇന്ത്യൻ വിദ്യാർഥികളെ അന്യരായി കാണാൻ തുടങ്ങിയെന്ന് മേരിക്ക് മനസ്സിലായി. പിന്നീട് അവനെ മേരി ബ്രീക്സ് ഹൈസ്കൂളിൽ ചേർത്തു. ആദ്യദിവസം സ്കൂൾ കഴിഞ്ഞ് അവൻ വീട്ടിൽവന്നത് ഒരു ബാഗിൽ 16 നോട്ട്ബുക്കുകളും 10 ടെക്സ്റ്റ് ബുക്കുകളുമായിട്ടായിരുന്നു. അത് തറയിലിട്ട് അവൻ കരയാൻ തുടങ്ങി. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ അപാകം ആദ്യമായി മേരി മനസ്സിലാക്കിയത് അന്നായിരുന്നു.
ലഷിങ്ടണിലെ ചെറിയ ക്ലാസുകളിലെ പഠനരീതി മേരി കണ്ടുപഠിച്ചു. സ്വയം പഠനത്തിനായിരുന്നു അവിടെ പ്രാധാന്യം. പോരാത്തതിന് നിരവധി പാഠ്യേതര പ്രവർത്തനങ്ങളും. ലഷിങ്ടണിലെ വിദ്യാർഥികളുടെ ആത്മവിശ്വാസം മേരി നേരിൽ കണ്ടറിഞ്ഞു. ഇന്ത്യൻ വിദ്യാർഥികളാകട്ടെ, ബുക്കുകളുടെ ഭാരവും പേറി പുസ്തകപ്പുഴുക്കളായി പഠിക്കുന്നു. സ്വന്തമായ ഒരു സ്കൂൾ തുടങ്ങി പുതിയ മാതൃക സൃഷ്ടിക്കാൻ അന്ന് മേരി തീരുമാനിച്ചു.
ഏഴ് വിദ്യാർഥികളുമായാണ് 1967ൽ മേരി റോയ് കോട്ടയത്ത് കോർപസ് ക്രിസ്റ്റി സ്കൂൾ തുടങ്ങിയത്. 1972ൽ, രക്ഷിതാക്കളുടെ സഹായത്തോടെ കോട്ടയം കളത്തിപ്പടിയിൽ അഞ്ചേക്കർ സ്ഥലം വാങ്ങി. സ്കൂൾ നിർമിക്കാൻ ലാറി ബെക്കറെ ലഭിച്ചത് മേരിയുടെ ഭാഗ്യമായിരുന്നു. കുറഞ്ഞ ചെലവിൽ മനോഹരമായ സ്കൂൾ അദ്ദേഹം പണിതീർത്തു. ആദ്യബാച്ച് ഐസിഎസ്ഇ വിദ്യാർഥികൾ 1979ൽ ജയിച്ചിറങ്ങി. പിന്നീടുള്ള വർഷങ്ങളിൽ പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളുമായി സ്കൂൾ വളർന്നു. കായികമേഖലയ്ക്കും പ്രകൃതിപഠനത്തിനുമെല്ലാം പ്രാധാന്യം നൽകുന്ന സിലബസാണ് സ്കൂളിനുള്ളത്. 1999ൽ കോർപസ് ക്രിസ്റ്റിയുടെ പേര് "പള്ളിക്കൂടം' എന്നാക്കി. രണ്ടാം ക്ലാസ് വരെ മലയാളം പഠനമാധ്യമമാക്കി. പ്രിൻസിപ്പലായിരുന്ന മേരി റോയ് 2011ൽ വിരമിച്ചു. വിരമിച്ച ശേഷവും സ്കൂളിന്റെ രക്ഷാധികാരിയായും മാർഗദർശിയായും തുടർന്നു.
Credits Kerala || Deshabhimani Online News https://ift.tt/uCInx1c
Comments