കർഷകർക്ക്‌ ഗുണമില്ല ; കേരഫെഡിനെ തഴഞ്ഞ് കൊപ്രസംഭരണം നീട്ടി ; കേരളത്തോട്‌ അവഗണന


കോഴിക്കോട്
കൊപ്ര സംഭരണ സമയം നീട്ടിയെങ്കിലും കേരഫെഡിന് അനുമതി ലഭിക്കാത്തതിനാൽ കർഷകർക്ക് ഗുണം ലഭിക്കുന്നില്ല. ഏറെ മുറവിളിക്കുശേഷമാണ് കേന്ദ്രസർക്കാർ ഏജൻസിയായ നാഫെഡ് കൊപ്ര സംഭരണം മൂന്ന് മാസത്തേക്കുകൂടി നീട്ടിയത്. എന്നാൽ വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്നുവെന്ന് പറഞ്ഞ് കേരഫെഡിനെ മാറ്റിനിർത്തി. മാർക്കറ്റ് ഫെഡിന് മാത്രമാണ് സംഭരണാനുമതി.

കൊപ്രസംഭരണത്തിന്റ ആദ്യഘട്ടം മുതൽ നാഫെഡിന് കേരളത്തോട് അവഗണനയാണ്. 2022 ഫെബ്രുവരിയിലാണ് കേന്ദ്ര കൃഷിമന്ത്രാലയം കൊപ്ര സംഭരിക്കാൻ നാഫെഡിനെ ചുമതലപ്പെടുത്തിയത്. ആറുമാസംകൊണ്ട് 50,000 ടൺ സംഭരിക്കാനായിരുന്നു അനുമതി. സംസ്ഥാനത്തെ സംഭരണം കേരഫെഡിനും മാർക്കറ്റ്ഫെഡിനും നൽകി. പിന്നീട് വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്നുവെന്ന് പറഞ്ഞു കേരഫെഡിന് അനുമതി നിഷേധിച്ചു. ഇതോടെ മൂന്ന് മാസത്തിലധികം കൊപ്ര സംഭരണം മുടങ്ങി.

സംസ്ഥാന സർക്കാർ നിരന്തരം ഇടപെട്ടിട്ടും നാഫെഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. തുടർന്ന് കേരഫെഡ് സ്വന്തംനിലയിൽ നാളികേരം സംഭരിച്ചു. പച്ചത്തേങ്ങയ്ക്ക് പൊതുവിപണിയിൽ 25 രൂപയായിരുന്നപ്പോൾ 32 രൂപ നിരക്കിലായിരുന്നു സംഭരണം. ഇതോടെ പൊതുവിപണിയിൽ നാളികേര വില 28 രൂപ വരെയായി. 116 ടൺ കൊപ്ര മാർക്കറ്റ്ഫെഡും കേരഫെഡും ചേർന്ന് ഇക്കാലത്ത് സംഭരിച്ചിരുന്നു. തമിഴ്നാടിനോട് നാഫെഡ് ഉദാരസമീപനം സ്വീകരിച്ചതുകൊണ്ട് 15,142 ടൺ ഇതേകാലയളവിൽ സംഭരിക്കാനായി. തമിഴ്നാടിന് മൂന്നുമാസംകൂടി സംഭരണം തുടരാൻ അനുമതി നൽകിയപ്പോൾ കേരളത്തിന് നിരസിച്ചു. പിന്നീട് കൃഷിമന്ത്രി ഉൾപ്പെടെ ഇടപെട്ടാണ് സംഭരണാനുമതി നീട്ടിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/WkUSGtm

Comments

Archive

Contact Form

Send