വിദ്യാർഥിനികളുടെ സ്വകാര്യ ദൃശ്യം പകർത്തിയെന്ന് പരാതി ; ചണ്ഡീഗഢ് സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം
ന്യൂഡൽഹി
പഞ്ചാബിലെ മൊഹാലിയിലുള്ള ചണ്ഡീഗഢ് സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ സഹപാഠി പകർത്തിയെന്ന് ആരോപിച്ച് വൻ വിദ്യാർഥി പ്രതിഷേധം. വനിതാഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ലുഥിയാന–ചണ്ഡീഗഢ് ദേശീയ-പാത ഉപരോധിച്ച വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ പൊലീസ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ ഒരു വിദ്യാർഥിനിയും അവരുടെ കാമുകനായ ഹിമാചൽപ്രദേശ് സ്വദേശിയും അറസ്റ്റിലായി.
ഒരു വിദ്യാർഥിനി ഹോസ്റ്റലിലെ മറ്റ് സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ചുകൊടുത്തെന്നും കാമുകൻ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നുമാണ് വിദ്യാർഥിനികളുടെ പരാതി. കുറ്റാരോപിതയായ പെൺകുട്ടിയുടെ സ്വന്തം ദൃശ്യങ്ങൾ മാത്രമാണ് മൊബൈലിൽനിന്ന് കണ്ടെത്തിയതെന്നും മറ്റാരുടേതും ഇക്കൂട്ടത്തിൽ ഇല്ലെന്നും മൊഹാലി എസ്എസ്പി വിവേക് സോണി വ്യക്തമാക്കി.
ഫോറൻസിക് തെളിവുകൾ ശേഖരിക്കുകയാണെന്നും പെൺകുട്ടി സ്വയം ദൃശ്യം പകർത്തുന്നത് ശുചിമുറിയിൽവച്ച് കണ്ട സഹപാഠികൾ തങ്ങളുടേതും ഇത്തരത്തിൽ പകർത്തിയെന്ന് ഭയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനു പിന്നാലെ ഏഴുപേർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന വാർത്ത പൊലീസും സർവകലാശാലയും നിഷേധിച്ചു. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും വാർത്ത അടിസ്ഥാന രഹിതമാണെന്നും ചണ്ഡീഗഢ് സർവകലാശാല പ്രോ- ചാൻസലർ ഡോ. ആർ എസ് ബാവ അറിയിച്ചു. ഹോസ്റ്റൽ വാർഡന്റെ ചോദ്യം ചെയ്യലിൽ പെൺകുട്ടി സ്വയംദൃശ്യങ്ങൾ പകർത്തിയെന്ന് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു. ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ പഞ്ചാബ് ഡിജിപിയോട് ആവശ്യപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/vU2Clcq
Comments